‘ഹാപ്പി 73’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് പിറന്നാള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി. സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രി എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് മോദിക്ക്. പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്. ഏറെ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ മൂന്നാം ഊഴം ഉറപ്പിക്കാന്‍ കരുക്കള്‍ നീക്കുകയാണ് മോദി.
ദ്വാരകയില്‍ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്ട്ര സമ്മേളന-പ്രദര്‍ശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം ഇന്ന് പ്രധാനമന്ത്രി നാടിനു സമര്‍പ്പിക്കും. ഇതോടൊപ്പം ദ്വാരക സെക്ടര്‍ 25ലെ മെട്രോ സ്റ്റേഷന്‍ ഉദ്ഘാടനവും നിര്‍വഹിക്കും. പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വിശ്വകര്‍മ പദ്ധതിക്കും ഇന്ന് തുടക്കം കുറിക്കും. മോദിയുടെ ജന്മദിനത്തിന് പുറമേ ഇന്ന് വിശ്വകര്‍മ ജയന്തി ദിനം കൂടി ആചരിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുക.
പ്രാദേശിക ഘടകങ്ങളായി തിരിഞ്ഞാണ് ബിജെപി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ത്രിപുരയിലെ ബിജെപി ഘടകം ‘നമോ വികാസ് ഉത്സവ്’ എന്ന് പേരിട്ടാണ് ആഘോഷങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാ?ഗമായി മഹാ യോഗാഭ്യാസവും നടത്തുന്നുണ്ട്. ഡല്‍ഹിയിലേയും തൃപുരയിലേയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിക്ക് മുഖ്യമന്ത്രി മാണിക് സാഹ നേതൃത്വം നല്‍കും. നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തില്‍ ഇന്ന് തുടങ്ങി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.