മലയാളി കെയര്‍ഗിവര്‍മാര്‍ ആശങ്കയില്‍: ഇസ്രയേലിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ നിര്‍ത്തിവയ്ക്കുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. അവിടെ നിന്ന് തിരിച്ചുള്ള സര്‍വീസുകളും നടത്തില്ല. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.

18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന ‘കെയര്‍ഗിവര്‍’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിര്‍മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയവരില്‍ നല്ലൊരു പങ്ക് മലയാളികളാണ്.