പ്രതിസന്ധിയില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് മോദി

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്രയേലിലെ അക്രമ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. ഞങ്ങളുടെ പ്രാര്‍ഥന നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ്. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറുകളില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു, മോദി എക്‌സില്‍ കുറിച്ചു.

അതിനിടെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ശ്രദ്ധയോടെ ഇരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അത്യാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും സുരക്ഷാ കേന്ദ്രങ്ങളില്‍ തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.