ഗാസയില്‍ നിന്നും 11 ലക്ഷം പേര്‍ ഉടന്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്; അസാധ്യമെന്ന് യുഎന്‍

ടെല്‍ അവീവ്: ഹമാസ്-ഇസ്രയേല്‍ പോരാട്ടം തുടരുന്നതിനിടെ, ഗാസയില്‍ നിന്നും 11 ലക്ഷം പേരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഉത്തരവിട്ടു. വടക്കന്‍ ഗാസയിലെ ജനസംഖ്യയിലെ പകുതിയോളം ജനങ്ങള്‍ 24 മണിക്കൂറിനകം ഒഴിയാനാണ് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരിക്കുന്നതെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

എന്നാല്‍ ഇത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ ഉത്തരവ് നടപ്പാക്കുന്നത് കടുത്ത മാനുഷിക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ സേന വ്യോമാക്രമണം തുടരുകയാണ്.

പ്രദേശത്തെ ജനങ്ങളോട് അടിയന്തരമായി ഒഴിയാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം തുടങ്ങുക ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തല്‍. ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്ത് പ്രദേശത്തിന്റെ നിയന്ത്രണം കയ്യടക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

150 ഓളം ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ ബന്ദികളെയും മോചിപ്പിക്കാതെ ഗാസയിലെ ഉപരോധത്തില്‍ മാനുഷികമായ ഇളവ് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ ഒരു തുള്ളി വെള്ളവും ഒരിറ്റു വെളിച്ചവുമുണ്ടാകില്ലെന്ന് ഇസ്രയേല്‍ ഊര്‍ജമന്ത്രി പറഞ്ഞു.

ഹമാസ് ബന്ദികളാക്കിയ ഇസ്രയേല്‍ പൗരന്മാര്‍ വീടുകളില്‍ തിരിച്ചെത്തുന്നതുവരെ ഗാസയില്‍ ഒരു ഇലക്ട്രിക് സ്വിച്ചും ഓണാവില്ല, ഒരു വെള്ള ടാപ്പും തുറക്കില്ല. ഒറ്റ ഇന്ധന ട്രക്കു പോലും അവിടേക്കു പ്രവേശിക്കില്ലെന്നും മന്ത്രി ഇസ്രയേല്‍ കട്സ് പറഞ്ഞു.

ഈജിപ്റ്റില്‍ നിന്നും ഗാസയിലേക്കുള്ള വെള്ളവും വൈദ്യുതിയും ഇസ്രയേല്‍ തടഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ കഴിഞ്ഞദിവസം ഇസ്രയേലിലെത്തിയിരുന്നു. യുദ്ധക്കപ്പലുകളും പടക്കോപ്പുകളും എത്തിച്ച യുഎസ്, ഹമാസിനെതിരെ തിരിച്ചടി ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ടെല്‍ അവീവില്‍ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ആന്റണി ബ്ലിങ്കണ്‍, സാധാരണ ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാന്‍ പരമാവധി കരുതല്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു. കുടിവെള്ളം, വൈദ്യുതി, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പ്രദേശത്തു നിന്നും ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.