സംഘര്‍ഷം ഒഴിയാതെ മണിപ്പൂര്‍; ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലും വെടിവയ്പ്പ്

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്‌പൊക്പിയില്‍ മെയ്‌തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങള്‍ ഫലിക്കുന്നില്ല എന്ന് വ്യക്തമാകുന്നതാണ് നിലവിലെ മണിപ്പൂരിലെ സാഹചര്യം.

ഇംഫാല്‍ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് നിലവില്‍ സംഘര്‍ഷം വ്യാപകമായി നടക്കുന്നത്. ഇന്ന് രാവിലെയും സംഘര്‍ഷം വ്യാപിച്ചു. ഇന്റര്‍നെറ്റ് നിയന്ത്രണം മേഖലയില്‍ ഏര്‍പ്പെടുത്തി. മേയ് മൂന്നിനാണ് മണിപ്പൂരില്‍ കുക്കി- മെയ്തി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

കഴിഞ്ഞ ബുധനാഴ്ച ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ന്യൂ കെയ്തല്‍മാംബിയിലാണ് വീണ്ടും അക്രമം അരങ്ങേറിയത്. വീടുകള്‍ക്ക് തീകൊളുത്തിയശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനു മുന്‍പ് അവര്‍ നിരവധി തവണ വെടിയുതിര്‍ത്തതായും പൊലീസ് പറഞ്ഞു.

അക്രമ സംഭവത്തേത്തുടര്‍ന്ന് മെയ്തി സ്ത്രീകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനായെന്ന് പൊലീസ് പറഞ്ഞു.