ജാതി സെന്‍സസ്സിനെപ്പറ്റി എസ്. എന്‍. ഡി. പി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം സര്‍ക്കസ് കോമാളിയെപ്പോലെ: അഡ്വ. സി. കെ. വിദ്യാസഗര്‍

തൊടുപുഴ: ജാതി സെന്‍സസ്സിനെപ്പറ്റി എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി രംഗബോധം ഇല്ലാത്ത സര്‍ക്കസ് കോമാളിയെപ്പോലെ അഭിപ്രായം പറയുന്നതെന്ന് എസ്. എന്റെ. ഡി. പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസഗര്‍. ഭാരതത്തിന്റെ പിന്നോക്ക വിഭാഗങ്ങള്‍ ആകമാനം ‘ജാതി സെന്‍സസ് ‘ എന്ന നടപടിയെ സ്വാഗതം ചെയ്യുമ്പോള്‍ എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി അതിനെ ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്ന വിശേഷിപ്പിച്ചു പരിഹസിക്കുന്നത് അത്യന്തം പ്രതിഷേധകരവും പ്രയാധിക്യം എസ്. എന്‍. ഡി. പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയുടെ ചിന്താശക്തിയെ സാരമായി ബാധിച്ച് തുടങ്ങിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അഡ്വ. വിദ്യാസഗര്‍.

രംഗബോധം ഇല്ലാത്ത കോമാളിയെപ്പോലെ എസ്. എന്‍. ഡി.പി യോഗം ജനറല്‍ സെക്രട്ടറി പെരുമാറുന്നത് അവസാനിപ്പിക്കണം. ചുറ്റും കൂട്ടിയിരിക്കുന്ന സ്തുതിപാഠകരില്‍ കാര്യവിവരമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തെ ഉപദേശിക്കണമെന്നും അഡ്വ. വിദ്യാസഗര്‍ തുറന്നടിച്ചു.

പിന്നോക്ക സംവരണ വിഷയങ്ങള്‍ രാജ്യത്തെ ഉയര്‍ന്ന കോടതികളുടെ പരിഗണനക്ക് വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം സംവരണ വിരുദ്ധര്‍ ഉയര്‍ത്തുന്ന ഒരു പ്രധാന വാദമുഖമാണ് പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യ സംബന്ധിച്ച് വ്യക്തമായ കണക്കുകളുടെ അഭാവം. അതിനുള്ള കൃത്യമായ ഉത്തരം ജാതി സെന്‍സസിലൂടെ ലഭ്യമാക്കിയാല്‍ ഉദ്യോഗ സംവരണത്തിലും, നിയമനിര്‍മ്മാണ സഭകളിലെ വനിതാ സംവരണ വിഷയത്തിലും മാത്രമല്ല, നാളെകളില്‍ സ്വകാര്യ മേഖലാ സംവരണം പോലുള്ള ന്യായയുക്തമായ ആശയങ്ങള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് ഉയര്‍ത്തുവാനും, ആയതിന്റെ നൈതീകത പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുവാനും സാധിക്കും. ‘അധികാരം അധ:സ്ഥിതരിലേക്ക് ‘ എന്ന എസ്. എന്‍. ഡി. പി യോഗം ശതബ്ദി ആഘോഷ വേളയില്‍ ഉയര്‍ത്തിയ സന്ദേശം ആര് വിസ്മരിച്ചാലും എസ്. എന്‍. ഡി . പി യോഗം ജനറല്‍ സെക്രട്ടറി വിസ്മരിക്കുവാന്‍ പാടില്ലാത്തതാണ്. സാമൂഹ്യ നീതി രാഷ്ട്രീയത്തോട് പുറം തിരിഞ്ഞ് നിന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പലതും അവരുടെ തെറ്റായ നിലപാടുകള്‍ തിരുത്തുവാന്‍ തയ്യാറായി വരുമ്പോള്‍ ആ നയം മാറ്റത്തെ ചരിത്രപരമായ അവസരമായി കണ്ട് ജനാഭിപ്രായം ഉയ ര്‍ത്തുവാന്‍ ശ്രമിക്കുന്നതിന് പകരം, ‘തിരഞ്ഞെടുപ്പ് സ്റ്റണ്ട് ‘ എന്ന് അപഹസിക്കുന്ന നിലപാട് പ്രധിഷേധ കരമാണ്, അഡ്വ. സി. കെ. വിദ്യാസഗര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വി. പി. സിംഗ് മണ്ടല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍ തുനിഞ്ഞപ്പോള്‍, സംവരണ വിരുദ്ധര്‍ അതിനെ ‘രാഷ്ട്രീയ സ്റ്റണ്ട് ‘ എന്നും ‘അവസരവാദ രാഷ്ട്രീയമെന്നും ‘ വിശേഷിപ്പിച്ചത് ഓര്‍മിക്കണമെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിന്നോക്ക അധസ്ഥിത വിഭാഗങ്ങളുടെ ന്യായയുക്തങ്ങളായ അവകാശങ്ങളും, പ്രാധിനിധ്യങ്ങളും എല്ലായിപ്പോഴും ചര്‍ച്ചക്ക് ഉയര്‍ന്നു വരുകയില്ലന്നും, ഒരു ദശകത്തിലേറെക്കാലം പ്രധാന മന്ത്രിമാരുടെ അലമാരയില്‍ പൊടിപിടിച്ചിരുന്ന മണ്ടല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വി. പി. സിംഗ് തയ്യാറായതും, തൊണ്ണൂറുകളില്‍ ഉയര്‍ന്ന് വന്ന രാമജന്മഭൂമി – ബാബറി മസ്ജിദ് പ്രശ്‌നവും വഴക്കുകളും മൂലം രൂപപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ആയിരുന്നു എന്ന സംഗതിയും ഓര്‍ത്തെടുക്കണമന്നും വിദ്യാസഗര്‍ പറഞ്ഞു.