ഡാര്‍ക്ക് വെബിലൂടെ വിവരങ്ങള്‍ ചോരുന്നത് കണ്ടെത്താന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍
സൈബര്‍ ലോകത്തെ ഇരുണ്ട ഇടനാഴി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡാര്‍ക്ക് വെബിലൂടെ നമ്മുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് അറിയാന്‍ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഉപഭോക്താക്കളെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബിലൂടെ കണ്ടെത്താന്‍ സഹായിക്കുന്നതിനായാണ് പുതിയ ഫീച്ചറിന് രൂപം നല്‍കിയിരിക്കുന്നത്.
ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ അനുസരിച്ച്, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ എന്തെങ്കിലും ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടോയെന്നും മറ്റും അറിയുന്നതിനായി ഡാര്‍ക്ക് വെബ് സ്കാന്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍.
ഉപഭോക്താക്കളുടെ ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ ലഭിക്കുകയാണെങ്കില്‍, ഗൂഗിള്‍ ഒരു നോട്ടിഫിക്കേഷന്‍ നല്‍കുകയും വിവരങ്ങള്‍ സ്വയം പരിരക്ഷിക്കാന്‍ സഹായിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കുകയും ചെയ്യുന്നതാണ്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഒരു ഉപഭോക്തൃ അക്കൗണ്ടും, പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വവും ഉണ്ടായിരിക്കണം.
ഇതിനുപുറമേ, സ്വകാര്യ വിവരങ്ങള്‍ക്കായി ഡാര്‍ക്ക് വെബ് നിരീക്ഷിക്കാന്‍ ഒരു പ്രൊഫൈല്‍ സജ്ജീകരിക്കാനും കഴിയുന്നതാണ്. അതേസമയം, പണമടച്ചുള്ള ഗൂഗിള്‍ വണ്‍ അംഗത്വം ഇല്ലെങ്കില്‍ പോലും ഇവ മനസിലാക്കാന്‍ കഴിയുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. അത് എങ്ങനെയെന്ന് പരിശോധിക്കാം.
ഇത് പരീക്ഷിക്കാനായി ഗൂഗിള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പുചെയ്ത് ഡാര്‍ക്ക് വെബ് റിപ്പോര്‍ട്ട് ഓപ്ഷന് തിരഞ്ഞെടുക്കുക. അടുത്ത പേജില്‍, റണ്‍ സ്കാന്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക. സ്കാന്‍ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണം. പൂര്‍ത്തിയായ ശേഷം റിസള്‍ട്ട് പരിശോധിക്കുക. ഐഡന്റിറ്റി മോഷണം നേരത്തേ കണ്ടുപിടിക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.