സിംഗപ്പൂര്‍ ബാങ്കില്‍ 117 കോടിയോളം നിക്ഷേപം

ഗുരുവായൂര്‍ ദേവസ്വം ചട്ട വിരുദ്ധമായാണ് പണം നിക്ഷേപിച്ചതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. പേരകം, എരിമയൂര്‍ സഹകരണ ബാങ്കുകളില്‍ ഉള്ളത് 17 ലക്ഷത്തോളം രൂപയുടെ നിക്ഷേപം.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ 117 കോടിയോളം നിക്ഷേപം. ഇസാഫില്‍ ഗുരുവായൂര്‍ ദേവസ്വം നിക്ഷേപിച്ചത് 63 കോടിയോളം രൂപ. ശേഷിക്കുന്ന തുക ഷെഡ്യൂള്‍ഡ് ബാങ്കുകളിലും റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള മറ്റു ബാങ്കുകളിലുമാണ്.

അതേസമയം ഗുരുവായൂര്‍ ദേവസ്വത്തിന്റെ 60 ശതമാനം പണവും ദേശസാത്കൃത ബാങ്കുകളിലാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി ഹൈകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഡോ. മഹേന്ദ്രകുമാര്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പു ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ച് ഹരജി നല്‍കിയത്. പണം ദേശസാത്കൃത ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശിക്കണമെന്നും ദേവസ്വം സ്വത്തുക്കളുടെ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണമെന്നും ഇതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വിശദീകരണ പത്രിക നല്‍കണമെന്ന് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ദേവസ്വത്തിന്റെ ഓഡിറ്റുമായി ബന്ധപ്പെട്ട് സ്വമേധയ സ്വീകരിച്ച ഹരജിക്കൊപ്പം ഇതും പരിഗണിക്കാന്‍ മാറ്റി.