സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
ഗാസ: പശ്ചിമേഷ്യയില്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമാധാന ആഹ്വാനം.
ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഗാസയിലേക്ക് സഹായങ്ങള്‍ തുടരുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ഫോണില്‍ ചര്‍ച്ച നടത്തി. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ ഭരണതലവന്മാരുമായും ബൈഡന്‍ ചര്‍ച്ച നടത്തി.
അതിനിടെ, കൂടുതല്‍ സഹായവുമായി ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിച്ചു. 14 ട്രക്കുകളാണ് റാഫ അതിര്‍ത്തി കടന്ന് ഗാസയിലേക്ക് എത്തിയത്.
അമേരിക്കയും ഇസ്രയേലും മുന്നോട്ടുവച്ച പരിശോധനാ വ്യവസ്ഥകള്‍ പാലിച്ചാണ് ട്രക്കുകള്‍ അതിര്‍ത്തി കടന്നത്. നേരത്തേ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകള്‍ ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയിരുന്നു.