ജനിച്ചതിന്റെ ആറാം മാസം കോവിഡ് മൂലം അമ്മയെ നഷ്ടപ്പെട്ട സഞ്ചനമോളെ ‘അമ്മ’യെന്ന് എഴുതി അക്ഷര ലോകത്തേക്ക് പ്രവേശിച്ചു

എടത്വ: കോവിഡ് മൂലം ആറാം മാസം അമ്മ നഷ്ടപ്പെട്ട സഞ്ചനമോള്‍ ആദ്യാക്ഷരം കുറിച്ചു.ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറിയും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ മാനേജരുമായ റവ. ഫാദര്‍ വില്യംസ് ചിറയത്ത് നെല്‍മണി താലത്തില്‍ സഞ്ചനയുടെ ചൂണ്ടുവിരല്‍ പിടിച്ച് ‘അമ്മ’ യെന്ന് എഴുതിപ്പിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു; ഒപ്പം തൊഴുകൈകളുമായി മുത്തച്ഛി വത്സലയും അരികില്‍ ചേര്‍ന്ന് നിന്നു.

ആദ്യാക്ഷരം കുറിക്കുന്നതിന് മുന്നോടിയായി സൗഹൃദ നഗര്‍ വാലയില്‍ ബെറാഖാ ഭവനില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷ ചടങ്ങ് തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. അജോയി കെ വര്‍ഗ്ഗീസ്,തോമസ്‌ക്കുട്ടി പാലപറമ്പില്‍, പി.ഡി സുരേഷ്, ശ്രീജയന്‍ മറ്റത്തില്‍, ഡാനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ച സജ്ഞനയ്ക്ക് സമ്മാനങ്ങളും പുതുവസ്ത്രവും കൈമാറി.

2021 ജൂണ്‍ 6ന് ആണ് സജ്ഞനയുടെ അമ്മ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്.എടത്വ പാണ്ടങ്കരി പനപറമ്പില്‍ ജയന്തന്റെയും വത്സലകുമാരിയുടെ ഏകമകള്‍ ആയിരുന്നു ജയന്തി. ആകെയുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റിട്ടാണ് ജയന്തിയെ വിവാഹം കഴിപ്പിച്ചത്. എന്നാല്‍ ഭര്‍ത്തൃ വീട്ടില്‍ ചില മാസങ്ങള്‍ മാത്രമാണ് ജയന്തി നിന്നിട്ടുള്ളത്.ഒരു മാസം ഗര്‍ഭിണിയായതിന് ശേഷം മുതല്‍ താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം തലവടിയില്‍ വാടക വീട്ടിലായിരുന്നു.ജയന്തി മരിക്കുമ്പോള്‍ സജ്ഞനയ്ക്ക് 6 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്.ഒരാഴ്ചയ്ക്കുള്ളില്‍ ജൂണ്‍ 12ന് ജയന്തിയുടെ പിതാവിന്റെ ജീവനും കോവിഡ് അപഹരിച്ചു.വാടക കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ജയന്തിയുടെ അമ്മ വത്സലകുമാരി ചെറുമകള്‍ സജ്ഞനയുമായി പുറക്കാട്ട് ഉള്ള സഹോദരന്റെ വീട്ടിലേക്ക് താമസം മാറ്റി.ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് എടത്വ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ വേദി രണ്ടര വര്‍ഷം മുമ്പ് സഹായഹസ്തവുമായി എത്തിയത്.

സജ്ഞനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയില്‍ ഇടം പിടിക്കാഞ്ഞതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജലജ റാണിയുടെ ഇടപെടല്‍ നിമിത്തമാണ് കോവിഡ് മരണപട്ടികയില്‍ ജയന്തിയുടെ പേര് ഇടം പിടിച്ചത്. സൗഹൃദ വേദി ഭാരവാഹികള്‍ എടത്വ പുത്തന്‍പുരയില്‍ തോമസ് വര്‍ഗ്ഗീസിന്റെ സഹായത്തോടെ കഴിഞ്ഞ മൂന്ന് ജന്മദിനങ്ങളിലും പുറക്കാട് എത്തി കേക്ക് മുറിച്ച് ഭക്ഷ്യധാന്യ കിറ്റുകളും സമ്മാനങ്ങളും പുതുവസ്ത്രങ്ങളും നല്കിയിരുന്നു.