ഋതുഭേദ വിസ്മയങ്ങള്‍: വിയന്ന മലയാളി ആന്റണി പുത്തന്‍പുരയ്ക്കലിന്റെ മലയാള പുസ്തകം ആലപ്പുഴയില്‍ പ്രകാശനം ചെയ്യും
വിയന്ന: ഐക്യരാഷ്ട്രസഭയുടെ അന്തരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനും എഴുത്തുകാരനായ ആന്റണി പുത്തന്‍പുരയ്ക്കലിന്റെ ഋതുഭേദ വിസ്മയങ്ങളെക്കുറിച്ചുളള ഗ്രന്ഥം പ്രകാശനത്തിനൊരുങ്ങുന്നു. ഡിസംബര്‍ 10-ന് (ഞായര്‍) വൈകിട്ട് 3 മണിയ്ക്ക് ആലപ്പുഴ ചെറിയ കലവൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ പുസ്തകം പ്രകാശനം ചെയ്യും. പ്രകാശന കര്‍മ്മം നിര്‍വഹിക്കുന്നത് സുപ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ വി. കെ. ദയാലാണ്.
‘ഋതു മന്ത്രണങ്ങള്‍’ എന്നു പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥം ഓരോ ഋതുവിന്റെയും സാധാരണതകളില്‍ തുളുമ്പി നില്ക്കുന്ന അസാധാരണതകളെ ഒരു ദാര്‍ശനികന്റെയും കവിയുടെയും കണ്ണിലൂടെ നോക്കിക്കാണാനുളള ശ്രമമാണ്. ഒരു ചിത്രശാലയിലെന്നോണം വ്യക്തമാക്കി കാണുവാന്‍ അനുവാചകരെ സഹായിക്കുന്ന രീതിയിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്. വായുവിന്റെ സുഖദമായ തലോടല്‍, മരച്ചില്ലകളുടെ നൃത്തം, കിളിയൊച്ചകള്‍, പൂവിന് സുഗന്ധങ്ങള്‍, ചിറകുകളില്‍ നൃത്തവുമായി പാറിപ്പറക്കുന്ന ശലഭങ്ങള്‍, പുഴകളിലെ കുഞ്ഞോളങ്ങള്‍ ഇങ്ങനെ ഭൂമിയ്ക്ക് മാത്രം അവകാശപ്പെട്ട സ്പന്ദനങ്ങളെ വിസ്മയത്തോടെ കാണുവാനും കേള്‍ക്കുവാനും ആസ്വദിക്കുവാനും ഉപകരിക്കുന്ന രീതിയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യനാവുമ്പോള്‍ ഓരോ ജീവജാലങ്ങളും ഒപ്പം ഭൂമിയും അനുഗൃഹീതമാവുകയാണെന്ന് പുസ്തകം ഓര്‍മ്മിപ്പിക്കുന്നു. പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ ഗുരു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ പുസ്തകത്താളുകളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. 300 പേജുകളുളള പുസ്തകം മുഴുവന്‍ മനോഹരമായ ചിത്രങ്ങളുടെ ഒരു ശേഖരം കൂടിയാണ്.
2014-ല്‍ ലോകത്തില്‍ ആദ്യത്തെ സപ്തഭാഷാ സചിത്ര നിഘണ്ടു തയ്യാറാക്കിയട്ടുള്ള ആന്റണി പുത്തന്‍പുരയ്ക്കലിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലും മാസികളിലും നിരവധി ലേഖനങ്ങള്‍ അദ്ദേഹം പ്രസിദ്ധികരിച്ചട്ടുണ്ട്. ദീര്‍ഘകാലം ഓസ്ട്രിയയിലെ അന്തരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ ജോലിചെയ്തശേഷം വിരമിച്ച അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ക്ളാസുകള്‍ നല്‍കുകയും ജീവനകലയിലും, അവധാനപൂര്‍വ്വ ധ്യാനത്തെക്കുറിച്ചും മറ്റു മേഖലകളിലും ലേഖനങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു.
പുസ്തകത്തിന്റെ ഏതാനും പേജുകള്‍ ഇവിടെ വായിക്കാം Colours of seasons_pages_compressed (1)-compressed