തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?; ലീഗിനെതിരെ കെ.ടി ജലീല്‍

ശശി തരൂരിനെ പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമര്‍ശനവുമായി കെ.ടി ജലീല്‍. പലസ്തീനികള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉപദ്രവിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നു. തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?ഇസ്രയേല്‍ ആക്രമണങ്ങളെ ഭീകരതയായി കാണാന്‍ കഴിയാത്തവരെ സമുദായത്തിന്റെ ചെലവില്‍ കോഴിക്കോട് എത്തിച്ചത് എന്തിനെന്നും കെ ടി ജലീല്‍ ചോദിക്കുന്നു.
അതേസമയം, പലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന പരാമര്‍ശമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയത്. പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതില്‍ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ പ്രശംസിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.
ഇതിന് പിന്നാലെ എം വി ഗോവിന്ദന്‍ ലീഗിന് പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു.
മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പലസ്തീന്‍ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. ശശി തരൂര്‍ ശ്രമിക്കുന്നത് വര്‍ഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
സംസ്ഥാനത്തെ രണ്ട് ജെഡിഎസ് എംഎല്‍എമാരും തങ്ങളുടെ എന്‍ഡിഎ മുന്നണിയില്‍ ചേരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ ഇരുവരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജെഡിഎസ് എന്ന നിലയില്‍ സ്വതന്ത്ര നിലപാടെടുത്ത് നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കില്ല. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.

കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫലസ്തീന്‍ റാലി: ലീഗ് പിടിച്ച പുലിവാല്

ഡാനിയല്‍ കാര്‍മന് ഫലസ്തീന്‍ പ്രശ്നത്തില്‍ ‘വിശ്വപൗരന്‍’ ശശി തരൂര്‍, ‘ത’-ല്‍ (പഴയ ട്വിറ്റര്‍) 12.10.2023 ന് പുലര്‍ച്ചെ 12.59-ന് കൊടുത്ത മറുപടിയാണ് താഴെ:

”മറ്റുള്ളവര്‍ ഹമാസിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ അവരെ ഭീകരവാദ സംഘടനയായി കണക്കാക്കിയിട്ടില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഹമാസ് നടത്തിയത് ഭീകരവാദ പ്രവര്‍ത്തനമാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ ഞാന്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. എന്റെ വാക്കുകള്‍ വളച്ചൊടിച്ചുണ്ടാക്കിയ വാര്‍ത്താശീര്‍ഷകം കണ്ട് തെറ്റിദ്ധരിക്കരുത്. ഈ ദുരവസ്ഥയില്‍ നിങ്ങളുടെയും ഇസ്രായേലിലെ മറ്റ് സുഹൃത്തുക്കളുടെയും വിഷമത്തില്‍ ഞാന്‍ പങ്കുചേരുന്നു”.
ഇങ്ങിനെ ഒരാളെ എന്തിനാണ് ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് മുഖ്യപ്രഭാഷകനായി വിളിച്ചത്? ”ഫലസ്തീനികള്‍ ഇസ്രായേലിനു മേല്‍ നടത്തിയ ഭീകരാക്രമണമാണ് പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴി വെച്ചത് എന്ന ശശി തരൂരിന്റെ പ്രസംഗമാണ് ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞ് നില്‍ക്കുന്നത്. അതും ഒരു മുസ്ലിം സംഘടനയുടെ സമ്മേളനത്തിലെ മുഖ്യപ്രഭാഷണമായാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫലസ്തീനികള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉപദ്രവം ഏല്‍പ്പിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കണ്ടതായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതൃപ്തി സമ്പാദിച്ച് ശശി തരൂരിനെ മുഖ്യാതിഥിയാക്കിയത് കൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് ലീഗിന് ഉണ്ടായത് തരൂരിനെ ഉയര്‍ത്തിക്കാട്ടി എന്തു ”മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാന്‍ പോകുന്നത്?
ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് ഫലസ്തീനികളെ അവരുടെ കിടപ്പാടങ്ങളില്‍ നിന്ന് ആട്ടിയോടിക്കുകയും ചെയ്ത ഇസ്രായേലിന് ഇനിയും തലവെച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനെയാണ് ശശി തരൂര്‍ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി ഇസ്രായേല്‍ ഫലസ്തീനികള്‍ക്കു മേല്‍ നടത്തിവരുന്ന മനുഷ്യത്വ രഹിത ആക്രമണങ്ങളെ ”ഭീകരത”യായി കാണാത്ത മാനസികാവസ്ഥയുള്ളവരെ, എന്തിനാണ് സമുദായത്തിന്റെ ചെലവില്‍ കെട്ടുകെട്ടിച്ച് ലീഗ് കോഴിക്കോട്ടേക്ക് എടുത്തത്?
തമിഴ്നാട്ടിലെ ലീഗിന്റെ സഖ്യകക്ഷിയായ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനേയോ അതല്ലെങ്കില്‍ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഉദയനിധിയേയോ ലീഗിന് ക്ഷണിക്കാമായിരുന്നില്ലേ? അതുമല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി ശിവകുമാറിനെ കൊണ്ടുവരാമായിരുന്നില്ലേ? അങ്ങിനെയെങ്കില്‍ ഇങ്ങിനെയൊരു പുലിവാല് ലീഗിന് പിടിക്കേണ്ടി വരുമായിരുന്നോ?
ഫലസ്തീനില്‍ കൊന്നൊടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന പിഞ്ചോമനകളുടെയും സഹോദരിമാരുടെയും പേരു പറഞ്ഞ് ഇസ്രായേലിന്റെ പക്ഷം പറയാന്‍ കോഴിക്കോട് കടപ്പുറത്ത് ശശി തരൂരിന് അവസരം ഉണ്ടാക്കിക്കൊടുത്തതിന്റെ പാപക്കറ ”ഖിയാമത്ത്” നാള്‍ വരെ ലീഗിനെ വേട്ടയാടും. തീര്‍ച്ച. മേലിലെങ്കിലും ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ ആരെയൊക്കെയാണ് പ്രസംഗിക്കാന്‍ വിളിക്കേണ്ടതെന്ന് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയാല്‍ നന്നാകും.