എന്നും പലസ്തീന്‍ ജനതയ്‌ക്കൊപ്പം; വിശദീകരണവുമായി തരൂര്‍

തിരുവനന്തപുരം: കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലെ പ്രസംഗത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. താന്‍ എന്നും പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണ്. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി വ്യാഖ്യാനിക്കേണ്ടതില്ല. പ്രസംഗത്തിലെ ഒരു വാചകം അടര്‍ത്തിയെടുത്ത് അനാവശ്യം പറയുന്നതിനോട് ഒന്നും പറയാനില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

തന്റെ പ്രസംഗം കേട്ട ആരും അത് ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണെന്ന് വിശ്വസിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്.

പലസ്തീന്‍കാര്‍ക്ക് അന്തസും അഭിമാനവുമുള്ള ജീവിതം അവരുടെ മണ്ണില്‍ വേണമെന്നും തരൂര്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളം, വൈദ്യുതി, ഇന്ധനം ഒന്നും ഗാസയില്‍ കിട്ടുന്നില്ല. നിരപരാധികളായ സ്ത്രീകളും കുട്ടികളും മരിക്കുന്നു. ‘ഇരുമ്പ് വാള്‍’ എന്നു പേരിട്ട ഓപ്പറേഷന്‍ നിര്‍ത്താന്‍ ഇനി എത്ര കുഞ്ഞുങ്ങളുടെ ചോരയില്‍ വാള്‍ മുക്കണം എന്നും തരൂര്‍ ചോദിച്ചിരുന്നു.