മാര്ട്ടിന് വീട്ടില്‍ നിന്നിറങ്ങിയത് പുലര്‍ച്ചെ അഞ്ചിന്
കൊച്ചി: കളമശേരി സ്ഫോടനത്തിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്റെ വീട്ടില്‍ പൊലീസ് പരിശോധന തുടരുന്നു. തമ്മനത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് പരിശോധന നടക്കുന്നത്. മാര്ട്ടിന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട്ടില്‍ നിന്ന് പോയതെന്നും എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ലെന്ന് ഭാര്യ മിനി കളമശേരി പൊലീസിനെ അറിയിച്ചു. സ്ഫോടനത്തില്‍ മരിച്ച സ്ത്രീയുമായി മാര്ട്ടിന് എന്തെങ്കിലും തരത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം, മാര്ട്ടിന് ബോംബ് ഉണ്ടാക്കാന്‍ പഠിച്ചത് ആറ് മാസം കൊണ്ടാണെന്ന് പൊലീസ് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെയാണ് ബോംബുണ്ടാക്കാന്‍ പഠിച്ചത്. പ്രാര്‍ത്ഥനായോഗ സ്ഥലത്ത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പമാണ് ഇയാള്‍ ബോംബ് വെച്ചത്. സ്ഫോടനം നടത്തിയത് ഡൊമിനിക് തന്നെയാണ് സ്ഥിരീകരിച്ച പൊലീസ് ഇയാളുടെ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് മൊബൈലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ചും വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനായോഗത്തിലാണ് ഇന്ന് രാവിലെ 9.30യോടെ സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ 12 വയസുള്ള കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സ്ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി മാര്ട്ടിന് ഉച്ചയോടെ തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് മാര്ട്ടിന് ഫേസ്ബുക്കില്‍ കുറ്റസമ്മതമൊഴി അടങ്ങുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഡൊമിനിക് മാര്ട്ടിന് തന്നെയാണ് സ്ഫോടനത്തിന് പിന്നിലെ പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചത്.