ഡോ. ജോസ് കിഴക്കേക്കര മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണമെന്റ് വിയന്നയില്‍

വിയന്ന: കഴിഞ്ഞ വര്‍ഷം അന്തരിച്ച മുന്‍ ഐക്യരാഷ്ട ഉദ്യോഗസ്ഥനും ഓസ്ട്രിയയിലെ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ (ISC വിയന്ന) സ്ഥാപക പ്രസിഡന്റുമായ ഡോ. ജോസ് കിഴക്കേക്കരയുടെ സ്മരണാര്‍ത്ഥം വിയന്നയില്‍ അന്താരാഷ്ട്ര വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

വിയന്നയിലെ 22-മത്തെ ജില്ലയിലുള്ള തിയോഡോര്‍ ക്രാമര്‍ സ്ട്രാസെ 3-ല്‍ മത്സരങ്ങള്‍ നടക്കും. 2023 നവംബര്‍ 4ന് (ശനി) രാവിലെ 9:00 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. രാത്രിയില്‍ മത്സരങ്ങള്‍ സമാപിക്കും.

ഡോ. ജോസ് കിഴക്കേക്കരയുടെ സഹപ്രവര്‍ത്തകനും മുന്‍ ഐ.എസ്.സി വിയന്ന അംഗവുമായ ഡോ. ജെബമാലൈ വിനാഞ്ചിരാച്ചി (യുണിഡോ ഡയറക്ടര്‍ ജനറലിന്റെ മുന്‍ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍) ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും.

ജര്‍മ്മനി, യു.കെ, അയര്‍ലണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 10 ടീമുകള്‍ മത്സരിക്കും. സമാപനച്ചടങ്ങില്‍ മികച്ച മൂന്ന് ടീമുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും ഒപ്പം മികച്ച പ്രതിരോധക്കാരന്‍, മികച്ച ഓള്‍റൗണ്ടര്‍ എന്നീ നിലകളില്‍ പ്രകടനം കാഴ്ച വയ്ക്കുന്ന കളിക്കാര്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിയ്ക്കും. സമാപന ചടങ്ങില്‍ അലക്‌സാണ്ടര്‍ ജോയുടെ സംഗീതം ആവേശം പകരും.

ഐ.എസ്.സി വിയന്നയുടെ പ്രസിഡന്റ് ടെജോ കിഴക്കേക്കര മാനേജര്‍ റ്റിബി പുത്തൂര്‍ എന്നിവര്‍ ഏവരെയും ടൂര്‍ണമെന്റിലേയ്ക്ക് ക്ഷണിച്ചു.