പ്രായമായ ജനസംഖ്യയെ മറികടക്കാന്‍ ചൈനയില്‍ പുതിയ ‘ഫാമിലി പ്ലാന്‍’

വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു കുട്ടി മാത്രമെന്ന കര്‍ശന നിലപാട് ചൈന ഒഴിവാക്കിയിരുന്നെങ്കിലും. ജനസംഖ്യയില്‍ ഇതിന് കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു പുതിയ കുടുംബ ജീവിത സംസ്‌കാരം ഉയര്‍ത്തിക്കൊണ്ടരുവരാന്‍ ഇപ്പോള്‍ ജനങ്ങളോട് ആവശ്യപ്പെടുകയാണ് ചൈന. ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം കൂടിയതോടെയാണ് ചൈന പുതിയ കുടുംബ രീതി ഏര്‍പ്പെടുത്തുന്നത്. പുതിയ രീതിയിലുള്ള വിവാഹങ്ങളും കുട്ടികളെ പ്രസവിക്കുന്ന സംസ്‌കാരത്തിലേക്കും കടക്കണമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടു.

പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള യുവാക്കളുടെ കാഴ്ചപ്പാടുകളെ പാര്‍ട്ടി ഉദ്യോഗസ്ഥര്‍ സ്വാധീനിക്കണമെന്നും ഷി ജിന്‍പിംഗ് പറയുന്നു. ചൈനയിലെ കമ്മ്യൂണിറ്റി പാര്‍ട്ടി അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ചൈനയുടെ പരമ്പരാഗത സദ്ഗുണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലുള്ള സ്ത്രീകളുടെ പങ്ക് അവരെ അറിയിക്കുന്നതിനുള്ള ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നേതാക്കള്‍ നല്‍കണമെന്ന് ഷി ജിന്‍പിംഗ് അഭ്യര്‍ഥിച്ചു. അതേസമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പലര്‍ക്കും സ്ത്രീകളെ ജോലിക്ക് വിടുന്നതിനോട് യോജിപ്പ് ഇല്ല.

വിവാഹത്തിന്റെയും കുട്ടികളെ പ്രസവിക്കുന്നതിന്റെയും ഒരു പുതിയ സംസ്‌കാരം സജീവമായി വളര്‍ത്തിയെടുക്കുകയും വിവാഹം, പ്രസവം, കുടുംബം എന്നിവയെക്കുറിച്ചുള്ള യുവജനങ്ങളുടെ വീക്ഷണത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.

ഉയര്‍ന്ന ശിശു സംരക്ഷണ ചെലവുകള്‍, തൊഴില്‍ തടസ്സങ്ങള്‍, ലിംഗ വിവേചനം, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തത് എന്നിവ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നിരവധി യുവതികളെ ചൈനയില്‍ പ്രസവിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ജ്ഞാനവും ശക്തിയും സംഭാവന ചെയ്യാന്‍ ഷി സ്ത്രീകളോട് ആഹ്വാനം ചെയ്തിരിക്കുന്നത്,
അറുപതു വര്‍ഷത്തിനിടെ ആദ്യമായി ചൈനയില്‍ ജനസംഖ്യയില്‍ ഇടിവു രേഖപ്പെടുത്തിയിരുന്നു. ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലമാക്കുമെന്ന വിലയിരുത്തലുളളതിനാല്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാന്‍ ദമ്പതികള്‍ക്കു മൂന്നു കുഞ്ഞുങ്ങള്‍ വരെ ആകാം എന്ന നിലയില്‍ നന നിയന്ത്രണ ചട്ടത്തില്‍ 2021 ല്‍ ചൈനീസ് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു. 1980 കളില്‍ ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കര്‍ശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്.

2021 ലെ ജനസംഖ്യയില്‍ നിന്ന് 8.5 ലക്ഷം ഇടിവോടെ 141.17 കോടിയിലേക്കാണ് 2022 ല്‍ ജനസംഖ്യ എത്തിയതെന്നു ചൈനയിലെ നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചിരിക്കുന്നത്. ഈ ഇടിവ് മാറ്റിയെടുക്കാനാണ് പുതിയ കുടുബം രീതിയ്ക്കായി ജനങ്ങളോട് ചൈന ആഹ്വാനം ചെയ്തിരിക്കുന്നത്.