ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിന്റെ വ്യക്തത എനിക്ക് വേണം’; നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: ബില്ലുമായി സംബന്ധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരില്‍നിന്നുള്ള വ്യക്തത തനിക്ക് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകള്‍ കൊണ്ട് വരേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അയച്ച കത്ത് പിന്‍വലിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ആരിഫ് മൊഹമ്മദ് ഖാന് പറഞ്ഞു.
ബില്ലുക്കളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി വിധി വരെ കാത്തിരിക്കേണ്ട കാര്യമില്ലെങ്കിലും സര്‍ക്കാര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടി എടുക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകളില്‍ താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഒപ്പിടാനുള്ള 16 ബില്ലുകളും രണ്ട് ഓര്‍ഡിനന്‍സുകളും കോടതിയുടെ തീരുമാനമറിഞ്ഞശേഷം പരിഗണിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും മാത്രമാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത് നാണക്കേടാണ്. മാനവവിഭവശേഷിയുള്ള സംസ്ഥാനത്താണ് ഇത്തരത്തില്‍ ഒരു വരുമാനം കണ്ടെത്തുന്നത്. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സിഎഎ പ്രമേയം പാസാക്കിയതില്‍ ആരിഫ് മൊഹമ്മദ് ഖാന് പറഞ്ഞു. അധികാര പരിധി കടന്നത് സര്‍ക്കാരാണ്. കേരളത്തെ കുറിച്ച് അഭിമാനമാണുള്ളത്. കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് ക്രെഡിറ്റ് സാധാരണ മലയാളിക്കാണെന്നും ഗവര്‍ണര്‍ പറഞ്ഞു.