വിയന്നയില്‍ കര്‍ണാടക സംഗീതഗ്രന്ഥം പ്രകാശനം ചെയ്തു

വിയന്ന: ലോകസംഗീത കേന്ദ്രമെന്നറിയപ്പെടുന്ന ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്നയില്‍ കര്‍ണാടക സംഗീതവിദ്യാര്‍ത്ഥികള്‍ക്കായി ഗ്രന്ഥം പ്രകാശനം ചെയ്തു. വിയന്ന മലയാളിയായ ബാബു മുക്കാട്ടുകുന്നേല്‍ രചിച്ച ഗ്രന്ഥം വിയന്നയിലെ നാദഗ്രാമയില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ സംഗീത വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്.

പ്രവാസി മലയാളികള്‍ക്ക് പ്രയോജനപ്പെടുന്നതരത്തില്‍ ദക്ഷിണേന്ത്യന്‍ ശാസ്ത്രീയസംഗീതമായ കര്‍ണാടക സംഗീത പാഠങ്ങള്‍ മലയാളത്തിലും ജര്‍മ്മന്‍ ഭാഷയിലുമായി ചിട്ടപ്പെടുത്തിരിക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം രചയിതാവും അദ്ദേഹത്തിന്റെ പത്‌നി ഫോന്‍സമ്മയും ചേര്‍ന്ന് റവ. ഫാ. ജോഷി വെട്ടിക്കാട്ടിലിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ നാദഗ്രാമയിലെ പൂര്‍വവിദ്യാര്‍ഥികളും മാതാപിതാക്കളും നാദഗ്രാമയുടെ സ്ഥാപകനും സംഗീതജ്ഞനുമായ ഫാ. വില്‍സണ്‍ മേച്ചേരിലും സന്നിഹിതരായിരുന്നു.

കര്‍ണാടക സംഗീതത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടുകയും നിലവില്‍ വിയന്ന യൂണിവേഴ്‌സിറ്റിയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുകയും വിയന്നയിലെ സെന്റ് തോമസ് സീറോമലബാര്‍ ഇടവകയില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഫാ. വില്‍സണ്‍ മേച്ചേരില്‍ കര്‍ണാടക ശാസ്ത്രീയ സംഗീത പഠനത്തിന് വേണ്ടി ഓസ്ട്രിയയില്‍ രൂപം നല്‍കിയ നാദഗ്രാമയിലൂടെ നല്‍കിവരുന്ന സംഗീത പാഠങ്ങള്‍ ഉള്‍കൊള്ളിച്ചു ഗ്രന്ഥകാരന്‍ കുറിച്ചെടുത്ത കുറിപ്പുകളാണ് ഇപ്പോള്‍ പുസ്തകമായി പുറത്ത് വന്നിരിക്കുന്നത്.

ജര്‍മ്മന്‍ ഭാഷാ രാജ്യങ്ങളില്‍ ജനിച്ചു വളരുന്നവര്‍ക്കു മനസിലാക്കാവുന്ന തരത്തില്‍ ഫാ. വില്‍സണ്‍ മേച്ചേരിലിന്റെ നേതൃത്വത്തില്‍ കര്‍ണാടകസംഗീത പാഠങ്ങള്‍ ശാസ്ത്രീയമായി ക്രോഡീകരിച്ചാണ് ഗ്രന്ഥം എഴുതിയിരിക്കുന്നതെന്നു ബാബു മുക്കാട്ടുകുന്നേല്‍ പറഞ്ഞു. കര്‍ണാടകസംഗീതത്തില്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കു ഉപകാരപ്പെടുന്ന ഹാന്‍ഡ് ബുക്കായി ഈ ഗ്രന്ഥം ഉപയോഗിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു മുക്കാട്ടുകുന്നേലിനെ +43 660 5555460 എന്ന നമ്പറില്‍ സമീപിക്കാവുന്നതാണ്.