കടക്കെണിയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍വീഴ്ചയാണുള്ളതെന്നും പ്രസാദിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുകയും കൃഷിവകുപ്പിനെയും സപ്ലൈകോയെയും പ്രതിയാക്കി നരഹത്യയ്ക്ക് മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും സപ്ലൈകോയുടെ തുടര്‍ച്ചയായ നീതി നിഷേധവും മൂലം ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടാതെ വന്നതുമാണ് ആത്മഹത്യയുടെ കാരണമെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സമീപനം തുടര്‍ന്നാല്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കും. പ്രസാദിന്റെ അനന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പാക്കണം.
കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കടംവാങ്ങി ആഘോഷങ്ങളിലും ധൂര്‍ത്തിലും ആറാടുന്ന സംസ്ഥാന സര്‍ക്കാരിനെ കുറ്റവിചാരണ നടത്താന്‍ മനുഷ്യാവകാശ കമ്മീഷനും കര്‍ഷകസമൂഹവും തയ്യാറാകണമെന്നും ഈ നില തുടര്‍ന്നാല്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്മാന് അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷകര്‍ക്കായി കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് സ്വന്തം സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും കര്‍ഷകരെ സംരക്ഷിക്കാനാവാത്ത ഇരട്ടത്താപ്പ് കര്‍ഷകര്‍ തിരിച്ചറിയുന്നുവെന്നും കര്‍ഷക സംഘടനകള്‍ സര്‍ക്കാരുകളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്തമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.
ദേശീയ കോര്‍ഡിനേറ്റര്‍ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയില്‍, ഡിജോ കാപ്പന്, ജോയി കണ്ണഞ്ചിറ, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രന്, ജോര്‍ജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണന് ചേര്‍ത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പന് ആന്റണി, പി.രവീന്ദ്രന്, സിറാജ് കൊടുവായൂര്‍, മനു ജോസഫ്, വിദ്യാധരന് സി.വി., ജോബിള്‍ വടാശേരി, റോസ് ചന്ദ്രന്, അപ്പച്ചന് ഇരുവേയില്‍, സുരേഷ് ഓടാപന്തിയില്‍, റോജര്‍ സെബാസ്റ്റ്യന്‍, ഷാജി തുണ്ടത്തില്‍, ബാബു പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.