സെബാസ്റ്റ്യന്‍ സജി കുര്യനു മികച്ച ക്യാമറാമാന്‍ അവാര്‍ഡ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍

മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഈ വര്‍ഷത്തെ ബെസ്‌ററ് ക്യാമറാമാന്‍ അവാര്‍ഡ് നല്‍കി സെബാസ്റ്റ്യന്‍ സജി കുര്യനെ (സ്റ്റാര്‍ലൈന്‍ സജി) ആദരിച്ചു. 2023 നവംബര്‍ 2, 3, 4 തീയതികളിലായി മയാമിയിലെ ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് നടത്തപ്പെട്ട പത്താമത് ഇന്ത്യ പ്രസ് ക്ലബ് കോണ്‍ഫറന്‍സിന്റെ പ്രൗഢഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങിലാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍, അരൂര്‍ എംഎല്‍എ ശ്രീമതി ദലീമ ജോജോ എന്നിവര്‍ ചേര്‍ന്ന് സജിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

പരിപാടിയില്‍ ഐപിസിഎന്‍എ പ്രസിഡണ്ട്, സുനില്‍ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, കണ്‍വീനര്‍ മാത്യു വര്‍ഗീസ്, പ്രസിഡണ്ട് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍ എന്നിവരോടൊപ്പം മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു. കൂടാതെ കേരളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്) സ്മൃതി പരുത്തിക്കാട് (റിപ്പോര്‍ട്ടര്‍ ടിവി), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്) അയ്യപ്പദാസ് (മനോരമ ന്യൂസ്), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യൂസ്) ഷാബു കിളിത്തട്ടില്‍ (ഹിറ്റ് 95 എഫ്എം റേഡിയോ), പി. ശ്രീകുമാര്‍ (ജന്മഭൂമി) കവി മുരുകന്‍ കാട്ടാക്കട എന്നിവരുടേയും സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം.

തനിക്കു ലഭിച്ച ഈ അവാര്‍ഡ് വലിയൊരു അംഗീകാരമായി കാണുന്നുവെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും ഇതൊരു ഊര്‍ജം ആയിരിക്കുമെന്നും സജി പറഞ്ഞു. അവാര്‍ഡിന് തന്നെ തിരഞ്ഞെടുത്ത സംഘാടകര്‍ക്കുള്ള നന്ദി സജി തദവസരത്തില്‍ രേഖപ്പെടുത്തി.

കോട്ടയം ജില്ലയിലെ മരങ്ങോലി ആണ് സജിയുടെ ജന്മസ്ഥലം. 1990 മുതല്‍ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി മേഖലയില്‍ സജീവമാണ് സ്റ്റാര്‍ലൈന്‍ സജി എന്നറിയപ്പെടുന്ന സെബാസ്റ്റ്യന്‍ സജി കുര്യന്‍. 1991 ജനുവരി 21ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് സ്റ്റാര്‍ലൈന്‍ സ്റ്റുഡിയോസ് എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി. പിന്നീട് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തും, യുഎസില്‍ ഡാളസിലും സ്റ്റാര്‍ലൈന്‍ സ്റ്റുഡിയോയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു.

1935 ല്‍ സജിയുടെ വല്യപ്പച്ചനായിരുന്ന എംപി ഫിലിപ്പ് ആണ് ഇടുക്കി ജില്ലയിലെ ആദ്യ ഫോട്ടോ സ്റ്റുഡിയോ ആയ ലോയല്‍ സ്റ്റുഡിയോ സ്ഥാപിച്ചത്. അദ്ദേഹം ആയിരുന്നു ഇടുക്കി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് മുന്‍പും, നിര്‍മ്മാണ ഘട്ടത്തിലും പകര്‍ത്തിയ കാലം മായ്ക്കാത്ത ചിത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍!

ഫോട്ടോഗ്രാഫിയില്‍ മൂന്നാം തലമുറക്കാരനായ സെബാസ്റ്റ്യന്‍ സജിയുടെ മകനും നാലാം തലമുറക്കാരനുമായ നൈല്‍സ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡാളസ് റീജിയന്റെ ക്യാമറാമാനായി പ്രവര്‍ത്തിക്കുന്നു.

ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൌണ്ട് അപ്പ് ഡാളസ് റീജിയന്റെ പ്രൊഡക്ഷന്‍ ഹെഡ് & ക്യാമറ ആയും, ഐപിസിഎന്‍എ ഡാളസ് ചാപ്റ്ററിന്റെ സെക്രട്ടറി ആയും സജി കുര്യന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഭാര്യ റൂബിയും മക്കളായ നൈജിലും നൈല്‍സം അടങ്ങുന്നതാണ് സജിയുടെ കുടുംബം.

റവ. ഫാ. രാജു ഡാനിയേല്‍ കോര്‍എപ്പിസ്‌കോപ്പ, ഫാ. ജെയിംസ് നിരപ്പേല്‍ (ഡാളസ് സെന്റ് തോമസ് ഫൊറോനാ വികാരി), ഹരിദാസ് തങ്കപ്പന്‍ (ഡാളസ് കേരളം അസോസിയേഷന്‍ പ്രസിഡന്റ്), ഷാജി രാമപുരം (ഐപിസിഎന്‍എ, ഡാളസ് ചാപ്റ്റര്‍) തുടങ്ങി സാമൂഹിക സാസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സജിക്ക് ആശസകളും അഭിനന്ദനങ്ങളും അറിയിച്ചു.