ദേശാഭിമാനി പത്രത്തിനെതിരെ മാനനഷ്ട കേസ് നല്‍കി മറിയക്കുട്ടി

വ്യാജ സൈബര്‍ പ്രചാരണത്തിനിടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ പത്ത് പേരാണ് പ്രതികള്‍. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാന്‍ ശ്രമിച്ചതിനാണ് പരാതി നല്‍കിയത്.

അതേസമയം അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് അവസാനം പെന്‍ഷന്‍ കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തിയാണ് ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറിയത്. ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ലഭിച്ചത്.

‘തൊഴിലാളിയുടെ പേര് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തില്‍ കേറിയത്. നമ്മളല്ലേ തൊഴിലാളി. ആ തൊഴിലാളി ആരാണെന്ന് കാണിച്ച് തരണം. ജനങ്ങളുടെ കാര്യ ആദ്യം അവര്‍ പറയട്ടെ. ജീവനില്‍ കൊതിയുള്ളവര്‍ പിണറായി വിജയനെ കാണാന്‍ പോകുമോ. സിപിഐഎമ്മിന്റെ പട്ടാളം അദ്ദേഹത്തിന്റെ കൂടെയില്ലേ’, പെന്‍ഷന്‍ കൈപ്പറ്റിയ ശേഷം മറിയക്കുട്ടി പറഞ്ഞു.