കൈരളി നികേതന്‍ ഇനിമുതല്‍ സീറോ മലബാര്‍ സഭയുടെ കീഴിലെ സ്വതന്ത്ര അസോസിയേഷന്‍
വിയന്ന: ഓസ്ട്രയയില്‍ ജനിച്ചുവളരുന്ന കുട്ടികള്‍ക്ക് മലയാളവും, ഭാരതീയ നൃത്തനൃത്യങ്ങളും പഠിപ്പിക്കാനായി ഏകദേശം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സീറോ മലബാര്‍ സഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്ഥാപിതമായ കൈരളി നികേതന്‍ സ്‌കൂള്‍ ഇനി മുതല്‍ വിയന്നയിലെ രണ്ടു സീറോ മലബാര്‍ ഇടവകകളുടെ (എസ്ലിങ്, മൈഡിലിങ്) കീഴിലുള്ള സ്വതന്ത്രമായ സാംസ്‌കാരിക സംഘടനയായി പ്രവര്‍ത്തിക്കും. കൈരളി നികേതനില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും, സീറോ മലബാര്‍ ഇടവകകളിലെ വൈദികരോ, അവര്‍ ചുമതലപ്പെടുത്തുന്ന പ്രതിനിധികളോ ഉള്‍പ്പെടുന്ന ഒരു ജനറല്‍ ബോഡി കമ്മിറ്റിയും രൂപികരിക്കും.
സീറോ മലബാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പൗരസ്ത്യ സഭകള്‍ക്കും വേണ്ടി വിയന്ന അതിരൂപതയില്‍ അനുവദിച്ചിരിക്കുന്ന ഓര്‍ഡിനറിയാത്തിന്റെ (മാര്‍പാപ്പ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം) വികാരി ജനറാള്‍ മോണ്‍. യുറീ കൊളാസ വിയന്നയിലെ സീറോ മലബാര്‍ ഇടവക വൈദികരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് കൈരളി നികേതന്‍ ഒരു അസോസിയേഷനായി (ഫെറയിന്‍) രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം എടുത്തത്.
ഓസ്ട്രിയയിലെ നിയമനുസരിച്ചു രൂപീകരിച്ച സംഘടന ഇനിമുതല്‍ ‘കൈരളി നികേതന്‍ വിയന്ന’ എന്ന പേരില്‍ അറിയപ്പെടും. ഭാരതീയസംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും, മലയാളം ഭാഷ പഠിപ്പിക്കുന്നതിനും, ഇന്ത്യന്‍ കലകളും, കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന മറ്റു പരിപാടികളും ക്രിസ്ത്യന്‍ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലിപ്പിക്കുക എന്നതാണ് കൈരളി നികേതന്റെ പ്രധാന ഉദ്ദേശ്യം.
കൈരളി നികേതനില്‍ നിലവിലെ എല്ലാ കോഴ്സുകളും പരിപാടികളും അതെ രീതിയില്‍ തുടരുമെന്നും മാറ്റം വന്നിരിക്കുന്നത് സംഘടനയുടെ രജിസ്‌ട്രേഷനില്‍ മാത്രമാണെന്നും നിലവിലെ കോര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു. കൈരളി നികേതന്റെ ആദ്യ ജനറല്‍ ബോഡി മീറ്റിംഗ് ഡിസംബര്‍ 2ന് വിയന്നയിലെ ഫ്രാങ്ക്ളിന്‍സ്ട്രാസെ 26-ല്‍ ഉച്ചകഴിഞ്ഞു 3 മണിയ്ക്ക് നടക്കും.