പകുതിയോളം ഹമാസ് കമാന്‍ഡര്‍മാരെ സൈന്യം വധിച്ചെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഹമാസിന്റെ പകുതിയോളം ബറ്റാലിയന്‍ കമാന്‍ഡര്‍മാരെ സൈന്യം വധിച്ചുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെതന്യാഹു. എന്നാല്‍ കൊല്ലപ്പെട്ട ഹമാസ് കമാന്‍ഡര്‍മാരുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

‘ഇസ്രയേലിനെ നശിപ്പിക്കുകയായിരുന്നു ഹമാസിന്റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ ഹമാസിനെ ഞങ്ങള്‍ നശിപ്പിക്കുകയാണ്. ഇനിയൊരിക്കലും ഗാസ ഇസ്രയേലിന് ഒരു ഭീഷണിയാകില്ല. ഭീകരതയെ പിന്തുണയ്ക്കാനോ സാമ്പത്തികമായി സഹായിക്കാനോ ഭീകരത പഠിപ്പിക്കാനോ ഒരാളും ഉണ്ടാകില്ല’, നെതന്യാഹു പറഞ്ഞു.

‘ഞങ്ങള്‍ ശരിയായ പാതയിലാണ്. 110 ബന്ദികളെ തിരികെയെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞങ്ങളുടെ പൗരന്മാരെ കൊല്ലുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും കത്തിക്കുകയുമെല്ലാം ചെയ്തവരോടുള്ള കണക്ക് ഞങ്ങള്‍ തീര്‍ക്കുകയാണ്. ബന്ദികളെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കാനായി വലിയൊരു ‘ഇന്റലിജന്‍സ് ഫാക്ടറി’ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്’, നെതന്യാഹു പറഞ്ഞു.

ഹമാസിന്റെ മുതിര്‍ന്ന 11 സൈനിക മേധാവികളുടെ ചിത്രം ചൊവ്വാഴ്ച ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടിരുന്നു. ഇവര്‍ ഗാസയ്ക്കടിയിലുള്ള തുരങ്കത്തില്‍ ഉണ്ടെന്നും ഇവരില്‍ അഞ്ചുപേര വധിച്ചുവെന്നുമാണ് സൈന്യം പറഞ്ഞത്.