‘എസ്എഫ്ഐ പ്രവര്‍ത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാല്‍ മതി’, ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍
മലപ്പുറം: ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളര്‍ന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവര്‍ണര്‍ ആ രീതിയില്‍ കാണണം. ക്രിമിനല്‍ സംഘമല്ല. എസ് എഫ് ഐ പ്രവര്‍ത്തകരെ പേരകുട്ടികളെ പോലെ കണ്ടാല്‍ മതി. ഗവര്‍ണര്‍ക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനല്‍ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ. എന്നാല്‍ അങ്ങനെയൊന്നും വിട്ടുകളയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്യാമ്പസില്‍ എസ് എഫ് എസ് എഫ് ഐ ബാനര്‍ കെട്ടിയതില്‍ വൈസ് ചാന്‍സലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം, ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. ഉടന്‍ ബാനറുകള്‍ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.