ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും കാണും; ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. കേരളത്തിലെത്തുമ്പോള്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കള്‍ക്കും പ്രമുഖര്‍ക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു. അതേസമയം, ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം.

മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഓസ്വല്‍ഡ് ഗ്രേഷിയസ്, ദില്ലി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, സിറോ മലബാര്‍ സഭ ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ചര്‍ച്ച ഓഫ് നോര്‍ത്ത് ഇന്ത്യ ഡയറക്ടര്‍ പോള്‍ സ്വരൂപ് വ്യവസായികളായ ജോയ് ആലുക്കാസ്, അലക്സാണ്ടര്‍ ജോര്‍ജ്, മാനുവല്‍, കായിക താരം അഞ്ജു ബോബി ജോര്‍ജ്, ബോളിവുഡ് നടന്‍ ദിനോ മോറിയ എന്നിവരുള്‍പ്പടെ 60 പേരാണ് ഇന്നലെ പ്രധാനമന്ത്രിയുടെ വിരുന്നില്‍ അതിഥികളായത്. ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വര്‍ഷം രണ്ടാം പകുതിയിലോ, 2025 ആദ്യമോ മാര്‍പാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചു. മാര്‍പാപ്പയെ നേരില്‍ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു.

ക്രൈസ്തവരെ ഒപ്പം നിര്‍ത്താനുള്ള സം?ഘപരിവാര്‍ നീക്കങ്ങളോട് മണിപ്പൂര്‍ കലാപത്തിന് പിന്നാലെ സഭ നേതൃത്ത്വം മുഖം തിരിച്ചിരുന്നു. എന്നാല്‍ ഇസ്രയേല്‍ ഹമാസ സംഘര്‍ഷത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ശ്രമം വീണ്ടും സജീവമാവുകയാണ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഇന്നലെ ദില്ലി സേക്രട് ഹാര്‍ട്ട് പള്ളി സന്ദര്‍ശിച്ചതും അസാധാരണ കാഴ്ചയായി. ദേശീയതലത്തിലാണ് നീക്കമെങ്കിലും കേരളത്തില്‍ ക്രൈസ്തവരുടെ പിന്തുണ ആര്‍ജ്ജിക്കുകയാണ് ബിജെപി ലക്ഷ്യം.