‘എംഫില്‍ അംഗീകാരമില്ലാത്ത ബിരുദം’: സര്‍വകലാശാലകളോട് യു.ജി.സി

ന്യൂഡല്‍ഹി: എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി). എംഫില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം നിര്‍ത്തിവയ്ക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദീകരണമെന്ന് യുജിസി സെക്രട്ടറി മനീഷ് ജോഷി പറഞ്ഞു.

2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കമ്മീഷന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫില്‍ കോഴ്സില്‍ പ്രവേശനം എടുക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുന്നു’-ജോഷി പറഞ്ഞു.