ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിന് പുതു നേതൃത്വം. 2024 – 2025 വര്‍ഷത്തേക്കുള്ള എക്‌സിക്യൂട്ടീവ് ബോര്‍ഡിലെ പ്രസിഡണ്ട് ആയി ബിജു സഖറിയാ (ഫ്ളവേഴ്സ് ടിവി USA) പ്രസിഡണ്ട്, സെക്രട്ടറിയായി അനില്‍ മറ്റത്തിക്കുന്നേല്‍ (ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ്), ട്രഷറര്‍ ആയി അലന്‍ ജോര്‍ജ്ജ് (ഏഷ്യാനെറ്റ് ന്യൂസ്), വൈസ് പ്രസിഡണ്ട് ആയി പ്രസന്നന്‍ പിള്ളൈ (കൈരളി ടിവി), ജോയിന്റ് സെക്രട്ടറിയായി ഡോ സിമി ജെസ്റ്റോ (ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പ്), ജോയിന്റ് ട്രഷറര്‍ ആയി വര്‍ഗ്ഗീസ് പാലമലയില്‍ (എന്‍ ആര്‍ ഐ റിപ്പോര്‍ട്ടര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡണ്ട് ശിവന്‍ മുഹമ്മയുടെ അധ്യക്ഷതയില്‍ കൂടിയ ബോര്‍ഡ് മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ് യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോ ചാപ്റ്ററിനെ നയിക്കുവാന്‍ ലഭിച്ച അവസരത്തിനും, ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും, അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുവാനും സാധിച്ചതില്‍ എല്ലാ ചാപ്റ്റര്‍ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ പേരില്‍ നന്ദി അറിയിക്കുന്നതായി ശിവന്‍ മുഹമ്മ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ മാധ്യമ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നല്‍കി വരുന്ന ബിജു സഖറിയായുടെ നേതൃത്വത്തിലുള്ള കമ്മറ്റിക്ക് അദ്ദേഹം പിന്തുണയും ആശംസകളും അറിയിക്കുകയും ചെയ്തു.

മികച്ച ഒരു മാധ്യമ സമ്മേളനം മിയാമിയില്‍ വച്ച് നടത്തുവാന്‍ സാധിച്ചതിലുള്ള സന്തോഷം അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. വ്യത്യസ്തമായ മാധ്യമങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും, അമേരിക്കന്‍ മലയാളി സമൂഹത്തിനോടുള്ള പ്രതിബദ്ധതയും , മലയാളി മാധ്യമ പ്രവര്‍ത്തകര്‍ എന്ന ഒത്തൊരുമയും ഇന്ത്യാപ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബാനറില്‍ കാത്തുസൂക്ഷിക്കുന്നതിനാലാണ് ഇതുപോലുള്ള പ്രൗഢഗംഭീരമായ മാധ്യമ സമ്മേളനങ്ങളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുവാന്‍ IPCNA ക്ക് സാധിക്കുന്നത് എന്ന് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കുന്നതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഊഷ്മളമായ ബന്ധം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വര്ഷങ്ങളായി പ്രവര്‍ത്തിക്കുന്ന IPCNA തുടര്‍ന്നും അമേരിക്കന്‍ മലയാളി സമൂഹത്തിലെ ജ്വലിക്കുന്ന നക്ഷത്രമായി പ്രശോഭിക്കും എന്ന് നിയുക്ത ചാപ്റ്റര്‍ പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു. ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങളുടെ സുഗമവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട്, പുതു തലമുറയെയും മാധ്യമ രംഗത്തേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ , അര്‍ത്ഥവത്തായ പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുള്ള തയ്യാറെടുപ്പോടെയാണ് ചിക്കാഗോ ചാപ്റ്റര്‍ എത്തുന്നത് എന്നും, ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സുനില്‍ ട്രൈസ്റ്റാറിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയോടും , സുനില്‍ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള നാഷണല്‍ അഡൈ്വസറി ബോര്‍ഡിനോടും ചേര്‍ന്ന് നിന്നുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും നിയുക്ത പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു.

ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും സെക്രട്ടറി പ്രസന്ന പിള്ള സ്വാഗതവും ട്രഷറര്‍ അനില്‍ മറ്റത്തിക്കുന്നേല്‍ നന്ദിയും അറിയിച്ചു.