‘വീഞ്ഞ്, കേക്ക്’ പ്രയോഗം പിന്‍വലിക്കുന്നുവെന്ന് സജി ചെറിയാന്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന്‍, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിന്‍വലിക്കുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന്‍ രംഗത്തെത്തിയത്.

വര്‍ത്തമാന കാല ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തീവ്രമായ ആക്രമണങ്ങളും പ്രചാരണങ്ങളും അഴിച്ചുവിട്ട് ഹിന്ദുത്വ വര്‍ഗീയാധിപത്യത്തെ വളര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സജി ചെറിയാന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം ക്രൈസ്തവര്‍ക്ക് നേരെ 700 ഓളം ആക്രമണങ്ങളാണ് നടന്നത്. അതായത് ഏതാണ്ട് ഒരു ദിവസം രണ്ടിടത്ത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആക്രമിക്കപ്പെടുന്ന അവസ്ഥ. ഇതില്‍ 287 എണ്ണം ഉത്തര്‍പ്രദേശിലാണ്. 148 ഛത്തീസ്ഗഡിലും 49 ജാര്‍ഘണ്ടിലും 47 എണ്ണം ഹരിയാനയിലുമാണ്. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്നത് യാദൃശ്ചികമല്ല. 2014 ല്‍ രാജ്യത്ത് ആകെ 140 അക്രമസംഭവങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും കേന്ദ്രത്തില്‍ ബിജെപി ഭരിച്ച കഴിഞ്ഞ 9 വര്‍ഷം ഈ കണക്കുകള്‍ കുത്തനെ കൂടുകയാണ് ചെയ്യുന്നത്. അന്താരഷ്ട്ര ക്രിസ്ത്യന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്ത്യന്‍ വിഭാഗത്തിന് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഏറ്റവും മോശം പതിനൊന്നാമത്തെ രാജ്യമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

മണിപ്പൂരിലെ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി ഉണ്ടായില്ലെന്നും മന്ത്രി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യയെ ആകമാനം പിടിച്ചുകുലുക്കിയത് മണിപ്പൂരിലെ വംശീയ സംഘര്‍ഷമായിരുന്നു. മുഖ്യമായും ഹിന്ദു വിഭാഗത്തില്‍പെട്ട മെയ്ത്തികളും ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കുക്കികളും തമ്മിലുള്ള സംഘര്‍ഷം തടയുന്നതില്‍ മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാരുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കുക്കികള്‍ക്കെതിരെ മെയ്-ത്തി സായുധ സന്നദ്ധസംഘടനകള്‍ രംഗത്തുവന്നു. 200 ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. അറുപതിനായിരത്തോളം പേര്‍ ഭവനരഹിതര്‍ ആക്കപ്പെട്ടു. നൂറുകണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ലെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി.