എക്‌സാലോജിക്കിനെതിരായ അന്വേഷണം: തനിക്കൊന്നും അറിഞ്ഞുകൂടാ: ഇ.പി.ജയരാജന്‍, റിയാസിനും പ്രതികരണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിക്കാതെ സിപിഎം നേതാക്കള്‍. ഈ വിഷയത്തില്‍ എനക്കൊന്നും അറിഞ്ഞുകൂടെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. എന്ത് കേന്ദ്ര ഏജന്‍സിയെന്ന് ചോദിച്ച അദ്ദേഹം, സംഭവം നോക്കിയിട്ടു പറയാമെന്നും പ്രതികരിച്ചു. ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കാതെ മന്ത്രി മുഹമ്മദ് റിയാസും എ.കെ.ബാലനും ഒഴിഞ്ഞുമാറി. സിപിഎം സംസ്ഥാനകമ്മിറ്റി യോഗത്തിലേക്ക് എത്തിയതായിരുന്നു നേതാക്കള്‍.

എക്സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം.

സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം. വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് ഉത്തരവിലുള്ളത്. കര്‍ണാടക ഡപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബി.എസ്. വരുണ്‍, പോണ്ടിച്ചേരി ആര്‍ഒസി എ. ഗോകുല്‍നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശങ്കര നാരായണന്‍, എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കും. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമായതിനാലാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കുറ്റപ്പെടുത്തിയിരുന്നു.