അപകടം മനപ്പൂര്‍വം സൃഷ്ടിച്ചത്, ഹാഷിമും അനുജയും സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ല; ആര്‍ടിഒ റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍ (പത്തനംതിട്ട): കെ.പി.റോഡില്‍ കാര്‍, കണ്ടെയ്നര്‍ ലോറിയിലിടിച്ച് അധ്യാപികയും യുവാവും മരിച്ച അപകടം മനപ്പൂര്‍വം സൃഷ്ടിച്ചതെന്ന് ആര്‍ടിഒ എന്‍ഫോഴ്മെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്. അമിതവേഗത്തിലെത്തിയ കാര്‍ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനം ഓടിച്ച ഹാഷിമും അനുജയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല എന്നും വ്യക്തമായിട്ടുണ്ട്. ലോറിയുടെ മുന്‍ഭാഗത്ത് നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാര്‍ഡ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന്റെ ആദ്യഘട്ടത്തിലെ നിഗമനങ്ങള്‍ ശരിവെക്കുന്നതാണ് വാഹനങ്ങള്‍ പരിശോധിച്ചശേഷമുള്ള ആര്‍ടിഒ എന്‍ഫോഴ്മെന്റ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച രാത്രി 10.45-നാണ് അടൂര്‍ – പത്തനാപുരം റോഡില്‍ പട്ടാഴിമുക്കിനുസമീപം കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് തുമ്പമണ്‍ വടക്ക് ഹൈസ്കൂള്‍ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടില്‍ അനുജ രവീന്ദ്രന് (37), സ്വകാര്യബസ് ഡ്രൈവര്‍ ചാരുംമൂട് ഹാഷിം വില്ലയില്‍ മുഹമ്മദ് ഹാഷിം (31) എന്നിവര്‍ മരിച്ചത്. പത്തനാപുരം ഭാഗത്തുനിന്നും തെറ്റായ ദിശയില്‍ വന്ന കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവര്‍ അന്ന് മൊഴി നല്‍കിയിരുന്നു. കോട്ടയത്ത് ലോഡ് ഇറക്കിയശേഷം ശിവകാശിക്ക് പോകുകയായിരുന്നു ലോറി.
തുമ്പമണ്‍ സ്കൂളില്‍നിന്ന് അധ്യാപകരും അവരുടെ മക്കളും ഉള്‍പ്പെടെ 23 പേര് തിരുവനന്തപുരം ഭാഗത്തേക്ക് വിനോദയാത്ര പോയി തിരികെ വരുമ്പോള്‍ വ്യാഴാഴ്ച രാത്രി 10.15-ന് കുളക്കടയില്‍വെച്ച് അനുജ, മുഹമ്മദ് ഹാഷിമിനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു. കാര്‍ വാനിന് കുറുകെയിട്ട ശേഷമാണ് അനുജയെ മുഹമ്മദ് ഹാഷിം വിളിച്ചിറക്കിക്കൊണ്ടുപോയതെന്നാണ് അധ്യാപകര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്.
ആദ്യം അനുജയോട് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ മടിച്ചു. തുടര്‍ന്ന് മുഹമ്മദ് ഹാഷിം വാഹനത്തിന് കൂടുതല്‍ അടുത്തേക്ക് വന്നതോടെ അടുത്തിരുന്ന അധ്യാപികയോട് അത് അനുജനാണെന്നും കൂടെ പോകുകയാണെന്നും അനുജ പറഞ്ഞു. പിന്നീട് തങ്ങള്‍ ഫോണില്‍ വിളിച്ചപ്പോള്‍ അനുജ ആദ്യം കരയുകയായിരുന്നെന്നും അധ്യാപകര്‍ മൊഴി നല്കി. കുറച്ചുകഴിഞ്ഞ് അനുജ തിരികെവിളിച്ച് കുഴപ്പമില്ലെന്നും കുടുംബപ്രശ്നങ്ങളാണെന്നും അറിയിച്ചു. സുരക്ഷിതയാണെന്നും പറഞ്ഞു.
വീണ്ടും അധ്യാപകര്‍ ഫോണില്‍ വിളിച്ചെങ്കിലും അനുജ എടുത്തില്ല. ഇതേത്തുടര്‍ന്ന് അധ്യാപകര്‍ അനുജയുടെ ബന്ധുക്കളെ വിളിച്ചു. വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അങ്ങനെ ഒരു ബന്ധുവില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെയാണ് അധ്യാപികയെ ഒരാള്‍ വിളിച്ചുകൊണ്ടുപോയതായി അധ്യാപകര്‍ അടൂര്‍ പോലീസില്‍ പരാതി നല്കാന് ചെന്നത്. പരാതി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് കെ.പി.റോഡില്‍ നടന്ന അപകടവിവരം അധ്യാപകരോട് പോലീസ് പറയുന്നത്.