ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റ് ജൂണ്‍ 1-ന് വിയന്നയില്‍
വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യൂറോപ്യൻ ഗ്രൂപ്പ് ഡാന്‍സ് മത്സരങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കും. ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ്, പോളണ്ട്, ഫ്രാന്‍സ്, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ടീമുകള്‍ ഫെസ്റ്റിൽ പങ്കെടുക്കും.
യൂറോപ്പിലെ മലയാളികളോ, മലയാളി വംശജരുടെയോ മലയാളി പശ്ചാത്തലമുള്ളവരുടെയോ ഇടയില്‍ മാത്രമായി ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ഡാൻസ് ഫെസ്റ്റിനുണ്ട്. ജൂണ്‍ 1-ന് ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ നർത്തകരുടെ സംഘങ്ങൾ മാറ്റുരയ്ക്കും. 25 ടീമുകളും ഇരുന്നൂറോളം ആർട്ടിസ്റ്റുകളും വിയന്നയിൽ എത്തിച്ചേരും.
മത്സരങ്ങളിൽ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും. പ്രവേശനം തികച്ചും സൗജന്യമായ കലാസന്ധ്യയിൽ ഡാൻസ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോർത്തിണക്കിയ അതിഗംഭീര സാംസ്കാരികവിരുന്നാണ് വിയന്നയിൽ തയ്യാറാകുന്നത്.
വിയന്നയിലെ 21-മത്തെ ജില്ലയായ ഫ്ലോറിഡിസ്ഡോർഫിലാണ് മത്സരങ്ങൾ നടക്കുന്നത്. രാത്രി വൈകി പരിപാടികൾ അവസാനിയ്ക്കും. ഇന്ത്യൻ ഭക്ഷണവും പാനീയങ്ങളും വേദിയിൽ ലഭിക്കും. കൈരളിയിൽ പഠിക്കുന്ന കുട്ടികളും, യുവജനങ്ങളും, മാതാപിതാക്കളും ചേർന്ന് സംഘടിപ്പിക്കുന്ന ഈ കലാസാംസ്കാരിക മാമാങ്കത്തിലേയ്ക്ക് ഏവരെയും സംഘാടകർ സ്വാഗതം ചെയ്തു.