മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോ മലബാര്‍ സമൂഹവും സ്വീകരണം നല്‍കും

വിയന്ന: ഓസ്ട്രിയയിലെ വിയന്നയില്‍ എത്തിച്ചേരുന്ന സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് വന്‍ സ്വീകരണം ഒരുക്കുന്നു. ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. വിയന്ന അതിരൂപതയുടെ ആസ്ഥാനമായ സ്റ്റെഫാന്‍സ് ഡോമില്‍ ഈ മാസം 25-ന് ഉച്ച കഴിഞ്ഞു 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ യൂറോപ്പിലെ സിറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും, ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറല്‍ മോണ്‍. യൂറി കൊളാസയും പങ്കെടുക്കും.

1960-കളിലാണ് സീറോ മലബാര്‍ സഭാംഗങ്ങള്‍ ആയിട്ടുമുള്ളവര്‍ ഓസ്ട്രിയയില്‍ എത്തി തുടങ്ങുന്നത്. ആ കാലഘട്ടം മുതല്‍ മലയാളികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടതും നിലകൊള്ളുന്നതും ഓസ്ട്രിയയിലെ ലത്തീന്‍സഭയാണ്. ഈ ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാതലത്തിലാണ് സീറോ മലബാര്‍ സഭ ഇന്ന് രണ്ടു ഇടവകകളായി വിയന്ന അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന ഓര്‍ഡിനറിയാത്തതിന്റെ കീഴില്‍ ഒരുമിച്ചു കൂടുന്നതും രണ്ടു വേറിട്ട സഭകളുടെ അതിരൂപത ശ്രേഷ്ഠ മെത്രാപ്പോലീത്തമാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തമായി ഈ സ്വീകരണം മാറുന്നതും.

യൂറോപ്പിലെ ഏറ്റവും പ്രമുഖ ദേവാലയങ്ങളിലൊന്നായ വിശുദ്ധ സ്‌തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ മെയ് മെയ് 25ന് ഉച്ചകഴിഞ്ഞു 2 മണിയ്ക്ക് സീറോമലബാര്‍ സഭയുടെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പിന്നീട് മെത്രാസനമന്ദിരത്തില്‍ സ്വീകരണച്ചടങ്ങുകളും നടക്കും. ചടങ്ങിലേക്ക് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ഷോണ്‍ബോണ്‍ സീറോമലബാര്‍സഭാ സമൂഹാംഗങ്ങളെ നേരിട്ട് ക്ഷണിക്കുന്ന വീഡിയോ സന്ദേശവും നല്കിയിട്ടുണ്ട്. ഓസ്ട്രിയയിലെ സഭാസമൂഹവും, സീറോ മലബാര്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സ്വീകരണത്തെ നോക്കികാണുന്നത്.

സ്റ്റെഫാന്‍സ് ഡോമില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ പങ്കെടുക്കാനും തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേയ്ക്കും വിയന്നയിലെ ഇരു ഇടവകളിലെയും വൈദികരും പാരിഷ് കമ്മിറ്റി അംഗങ്ങളും ഏവരെയും ക്ഷണിച്ചു.