പെരിയാറിലെ മത്സ്യക്കുരുതി; വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷന്‍ വകുപ്പ്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയില്‍ പരസ്പരം പഴിചാരി സര്‍ക്കാര്‍ വകുപ്പുകള്‍. വ്യവസായ വകുപ്പിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഗുരുതര വീഴ്ച ഉണ്ടായെന്ന് ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിവിധ വിഭാഗങ്ങളുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്.
മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന് പിന്നാലെ പ്രതിക്കൂട്ടിലായ ഇറിഗേഷന്‍ വകുപ്പാണ് ജില്ലാ കളക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. മുന്നറിയിപ്പില്ലാതെ പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വ്യവസായ വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ന്യായീകരണം. എന്നാല്‍ ഷട്ടറുകള്‍ തുറക്കും മുന്നേ മീനുകള്‍ ചത്തുപൊങ്ങിയിരുന്നതായി ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരം നാട്ടുകാര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ അറിയിച്ചിട്ടും യാതൊരു നടപടി ഉണ്ടായില്ല. ഇടയാര്‍ വ്യവസായ മേഖലയിലെ ഫാക്ടറികളില്‍ നിന്നും രാസമാലിന്യം ഒഴുക്കി വിട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇറിഗേഷന്‍ വകുപ്പ് കളക്ടറെ അറിയിച്ചു. അതേസമയം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ മീര കെയുടെ നേതൃത്വത്തിലുള്ള സംഘം പെരിയാറില്‍ പരിശോധന നടത്തി.
മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗം നാളെ സബ് കളക്ടറുടെ ഓഫീസില്‍ ചേരും. കുഫോസിലെ വിദഗ്ധരുടെ സംഘവും പെരിയാറില്‍ പരിശോധന നടത്തുന്നുണ്ട്.