പ്രവാസ ലോകത്ത് പുതിയ ചരിത്രം കുറിച്ച് പിതാവും മകനും കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു
അയര്‍ലണ്ടില്‍ വെള്ളിയാഴ്ച നടന്ന കൗണ്ടി കൗണ്‍സില്‍ ഇലക്ഷന്റെ ഫലം പുറത്തുവരുമ്പോള്‍ മലയാളികളായ പിതാവിനും മകനും ത്രസിപ്പിക്കുന്ന വിജയം താല സൗത്ത് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബേബി പെരേപാടനെയും, താല സെന്‍ട്രലില്‍ നിന്ന് മത്സരിച്ച മകന്‍ ഡോ: ബ്രിട്ടോ പെരേപാടനെയും വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ തെരഞ്ഞടുപ്പുകളില്‍ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനില്‍ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണ് ഇവര്‍ കൈവരിച്ചത്.
ബേബി പെരേപാടന്‍ നിലവിലെ താല സൗത്ത് കൗണ്‍സിലര്‍ ആണ്. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി അതേ മണ്ഡലത്തില്‍ നിന്ന് വിജയിക്കുന്നത്. രാഷ്ട്രീയത്തില്‍ പുതുമുഖവും താല ഗവര്‍മെന്റ് ഹോസ്പിറ്റലില്‍ ഡോക്ടറും, നല്ലൊരു ഗായകനും ആയ മകന്‍ ബ്രിട്ടോയുടെ വിജയവും ജനങ്ങള്‍ നല്‍കിയ വലിയ അംഗീകാരമാണ്. 25 വയസ്സുപോലും തികയാത്ത ഈ യുവാവിനെ താല സെന്‍ട്രലിലെ ജനങ്ങള്‍ തെരെഞ്ഞെടുത്തത് ബ്രിട്ടോയുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ്. ഇവര്‍ രണ്ടുപേരും ഭരണകക്ഷിയായ FineGael പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായാണ് ജനവിധി തേടിയത്.
താല സൗത്തില്‍ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന അഞ്ചുകൗണ്‍സിലര്‍മാരില്‍ രണ്ടാമനായി ബേബി പെരേപാടന്‍ വിജയകൊടി നാട്ടിയപ്പോള്‍, താല സെന്‍ട്രലില്‍ നിന്നും ആകെ തെരഞ്ഞെടുക്കപെടുന്ന ആറ് പേരില്‍ മൂന്നാമന്‍ ആയാണ് മകന്‍ ബ്രിട്ടോ വെന്നികൊടി പാറിച്ചു വിജയ പീഠത്തിലേക്ക് കയറിയത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ തന്നെ ഇവര്‍ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്‍പില്‍ എത്തിയിരുന്നു.
ഒരു ഡസനോളം മലയാളികള്‍ ഉള്‍പ്പെടെ ധാരാളം കുടിയേറ്റക്കാര്‍ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗണ്‍സില്‍ ഇലക്ഷനില്‍ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള വികാരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഈ പിതാവും മകനും താലായില്‍ വിജയിച്ചത്. ഇവരുടെ അഭിമാനാര്‍ഹമായ നേട്ടത്തില്‍ FineGael പാര്‍ട്ടി ലീഡറും അയര്‍ലണ്ട് പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസ് നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു.
അങ്കമാലി, പുളിയനം സ്വദേശിയായ ബേബി പെരേപ്പാടന്‍ ഇരുപതു വര്‍ഷത്തിലധികമായി താലായില്‍ താമസിക്കുന്നു. ഭാര്യ ജിന്‍സി Peamount ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നേഴ്‌സ് പ്രാക്റ്റീഷനര്‍ ആയി ജോലി ചെയ്യുന്നു. മകള്‍ ബ്രോണ ട്രിനിറ്റി കോളേജില്‍ ഡെന്റല്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ്.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഈ ഇലക്ഷനില്‍ ഭരണകക്ഷിയായ Fine Gael പാര്‍ട്ടിയുടെ ജനസമിതി വലിയതോതില്‍ ഉയര്‍ന്നു. തങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും, ജനങ്ങള്‍ക്കും ബേബി പരേപാടനും മകന്‍ ബ്രിട്ടോയും നന്ദി അറിയിച്ചു.