അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: അര്‍ജുന് അന്ത്യഞ്ജലി അര്‍പ്പിക്കാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത് നൂറു കണക്കിനാളുകള്‍. വീട്ടിനുള്ളില്‍ കുടുംബം അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചശേഷം മൃതദേഹം മുറ്റത്തെ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിവരുടെ വരി. 11 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം.

കഴിഞ്ഞ രാത്രി മുതല്‍ കണ്ണാടിക്കല്‍ നിവാസികള്‍ അര്‍ജുന്റെ മൃതദേഹം എത്തുന്നതിനായി ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ കണ്ണാടിക്കല്‍ അങ്ങാടിയില്‍ ആളുകള്‍ കാത്തുനിന്നു. എട്ട് മണിയോടെ മൃതദേഹം എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും രാവിലെ 6 മുതല്‍ തന്നെ ആളുകള്‍ കവലയില്‍ എത്തിയിരുന്നു. 8.15ന് മൃതദേഹം കണ്ണാടിക്കല്‍ എത്തിയപ്പോഴേക്കും നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ ആളുകള്‍ വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേക്ക് നടന്നു. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

വീടിന് സമീപത്തെത്തിയപ്പോള്‍ പൊലീസിന് ആളുകളെ നിയന്ത്രിക്കേണ്ടി വന്നു. തുടര്‍ന്ന് കുറച്ച് ആളുകളെ മാത്രമായി കടത്തിവിടാന്‍ തുടങ്ങി. വീടും പരിസരവുമെല്ലാം ഇതിനകം തന്നെ ആളുകള്‍ തിങ്ങി നിറഞ്ഞു. നാട്ടുകാരുടെ പ്രിയപ്പെട്ട അര്‍ജുന്റെ മൃതദേഹം ഒരു നോക്കുകാണാനുള്ള ആഗ്രഹത്തോടെ രാവിലെ മുതല്‍ കാത്തുനില്‍ക്കുകയായിരുന്നു അവര്‍. ഒന്‍പതരയോടൊണ് വീട്ടില്‍ പൊതുദര്‍ശനം ആരംഭിച്ചത്. മന്ത്രി എ.െക.ശശീന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, എംഎല്‍എമാരായ കെ.കെ.രമ, സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ തുടങ്ങിയവര്‍ വിലാപയാത്രയെ അനുഗമിച്ചു.

രാവിലെ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹവുമായി ആംബുലന്‍സ് കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ക്ഷേത്രപ്രതിനിധികള്‍, പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങി എല്ലാവരും അര്‍ജുന്റെ ഓര്‍മകളില്‍ ഒത്തുചേരും.

ഇന്നലെ വൈകിട്ട് 7.15ന് കാര്‍വാറിലെ ആശുപത്രിയില്‍നിന്ന് മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎന്‍എ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂര്‍ത്തിയായത്. സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിളുമായി പ്രാഥമിക പരിശോധനയില്‍ത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎന്‍എ പരിശോധന, പ്രത്യേക ഇടപെടലില്‍ വേഗം പൂര്‍ത്തിയാക്കുകയായിരുന്നു.