‘ഇറാന്‍ തെറ്റ് ചെയ്തു, അതിന് വലിയ വില കൊടുക്കേണ്ടി വരും’; തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി ബെഞ്ചമിന്‍ നെതന്യാഹു
ടെല്‍ അവീവ്: ഇസ്രയേലിനെതിരായ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ രാത്രി ഒരു വലിയ തെറ്റ് ചെയ്തു. അതിനുള്ള മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാനുള്ള നിശ്ചയദാര്‍ഢ്യവും ശത്രുക്കള്‍ക്കെതിരെ തിരിച്ചടിക്കാനുള്ള ഇസ്രയേലിന്റെ ദൃഢനിശ്ചയവും ഇറാനിലെ ഭരണകൂടത്തിന് മനസിലാകുന്നില്ല, ഈ തെറ്റിന് ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലങ്ങള്‍ ഇറാന്‍ ഉടന്‍ അനുഭവിക്കുമെന്നും പ്രതികരണം വേദനാജനകമാകുമെന്നും ഇസ്രായേലിന്റെ യുഎന്‍ പ്രതിനിധി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇസ്രയേലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഇസ്രയേല്‍ എങ്ങനെ പ്രതികരിക്കണമെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് ഇപ്പോള്‍ സജീവമായ ചര്‍ച്ചയിലാണെന്നും നെതന്യാഹുവുമായി സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.