ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണില്‍ കെട്ടി; ചടങ്ങിനെതിരെ സോഷ്യല്‍ മീഡിയ

ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ സാര്‍വത്രികമായി നടത്തപ്പെടുന്ന ഒരു ചടങ്ങാണ് വിവാഹമെങ്കിലും ഓരോ ജനവിഭാഗങ്ങളും അവരവരുടെ സംസ്‌കാരങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായ രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടത്തുക. വിവാഹ വേളയില്‍ അനുഷ്ഠിക്കുന്ന ചില ആചാരങ്ങള്‍ കാലാതീതമാണെങ്കില്‍, മറ്റുള്ളവ കാലത്തിനനുസരിച്ച് പരിണമിച്ചവയാണ്. എന്നാല്‍, ചില ജനസമൂഹങ്ങള്‍ക്കിടയില്‍ ഇന്നും കാലഹരണപ്പെട്ട, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചില ആചാരങ്ങളും ചടങ്ങുകളും നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വിവാഹ ചടങ്ങിന്റെ വീഡിയോ അടുത്തിടെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ വലിയ ജനരോഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ ഉയര്‍ന്നത്.

ഒരു ആചാരത്തിന്റെ ഭാഗമായി വധുവിനെ തൂണില്‍ കെട്ടിയിടുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരം അശ്ലീല ചടങ്ങുകള്‍ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ വെയ്‌ബോയില്‍ വൈറലായ വീഡിയോയില്‍ ഒരു കൂട്ടം പുരുഷന്മാര്‍ ടേപ്പ് ഉപയോഗിച്ച് വധുവിനെ തൂണില്‍ കെട്ടുന്ന ദൃശ്യങ്ങളാണ് ഉണ്ടായിരുന്നതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഹായത്തിനായി വധു നിലവിളിക്കുന്നുണ്ടെങ്കിലും ആരും അവളെ രക്ഷിക്കാന്‍ തയ്യാറാകാതെ നിസ്സംഗരായി നില്‍ക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.

വധുവിനെ തൂണില്‍ കെട്ടിയിടുന്ന പുരുഷന്മാര്‍ വരന്റെ ബാല്യകാല സുഹൃത്തുക്കളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവദമ്പതികളുടെ സമ്മതത്തോടെ ഇവര്‍ നടത്തിയ ഒരു തമാശയാണിതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹദിനത്തില്‍ അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ആഘോഷം നശിപ്പിക്കുന്നത് ഈ മേഖലയിലെ പ്രാദേശിക ആചാരമായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ വധുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലന്നും വരന്റെ സമ്മതത്തോട് കൂടിയാണ് ഇത്തരത്തില്‍ ഒരു കാര്യം തങ്ങള്‍ ചെയ്തതെന്നും സംഭവം വിവാദമായതോടെ വരന്റെ സുഹൃത്തുക്കള്‍ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരമ്പരാഗത ചൈനീസ് വിവാഹങ്ങളില്‍, നവദമ്പതികള്‍ക്ക് സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും അവരെ ഊര്‍ജ്ജസ്വലരാക്കുന്നതിനും ‘ഹുന്‍ നാവോ’ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചടങ്ങിന്റെ ഭാഗമായി വിശ്വസിക്കപ്പെട്ടിരുന്നത് ശുഭദിനത്തില്‍ ചിരിക്കുന്നത് തിന്മയെ അകറ്റുമെന്നായിരുന്നു. എന്നാല്‍ പിന്നീട് വരനുമായി ബന്ധപ്പെട്ടവര്‍ അനുചിതമായ തമാശകളിലൂടെയും കളികളിലൂടെയും വധുവിനെ റാഗ് ചെയ്യാനുള്ള അവസരമായി ആ ചടങ്ങിന് മാറ്റുകയായിരുന്നെന്നാണ് ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ, വരനും സുഹൃത്തുക്കളും തങ്ങളുടെ പ്രവൃത്തികള്‍ക്ക് മാപ്പ് പറഞ്ഞതായി അവകാശപ്പെട്ട് പ്രാദേശിക സര്‍ക്കാര്‍ പ്രസ്താവന ഇറക്കി. ”പരിഷ്‌കൃതമായ വിവാഹ ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും കാലഹരണപ്പെട്ട ആചാരങ്ങള്‍ ഉപേക്ഷിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുമെന്നും” പ്രദേശിക ഭരണകൂടം വാഗ്ദാനം ചെയ്തു.