ദിവ്യയെ തള്ളി സിപിഎം; യാത്രയയപ്പില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു
കണ്ണൂര്‍; എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി സിപിഎം. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.