പ്രോസി ഗ്രൂപ്പിന് വിയന്ന ബിസിനസ് അവാര്‍ഡ്
വിയന്ന: ഓസ്ട്രിയയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ബിസിനസ് അസോസിയേഷന്റെ (SWV) 2024-ലെ ബിസിനസ്സ് അവാര്‍ഡ് വിയന്നയിലെ മലയാളി സംരംഭകരായ പ്രോസി ഗ്രൂപ്പിന് ലഭിച്ചു. പ്രോസിയെ പ്രതിനിധീകരിച്ച് ഗ്രേഷ്മ പള്ളിക്കുന്നേല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ട്രോഫിയും ആയിരം യൂറോയും അടങ്ങുന്നതാണ് പുരസ്‌കാരം.
100 ലധികം പേര്‍ മല്‍സരാര്‍ത്ഥികളായി പങ്കെടുത്ത റൗണ്ടില്‍ നിന്നും മൂന്ന് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന അന്തിമ തെരഞ്ഞെടുപ്പിലാണ് ജൂറി പ്രോസിയെ അവാര്‍ഡിനായി അംഗീകരിച്ചത്. വിയന്നയിലെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്ര്യത്യേക പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും പ്രോസിയുടെ എല്ലാ ഉപഭോകതാക്കളെയും അഭ്യുദയകാംഷികളേയും നന്ദിയോടെ ഓര്‍ക്കുന്നതായും പ്രോസി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.
വിയന്ന സംസ്ഥാനത്തിന്റെ മേയര്‍ ഡോ. മൈക്കല്‍ ലുഡ്വിഗ്, എസ്ഡബ്ല്യുവി പ്രസിഡന്റ് മാര്‍ക്കോ ഫിഷര്‍, നിയുക്ത പാര്‍ലമെന്റ് അംഗം പിയ മരിയ വീനിംഗര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സമ്പദ്വ്യവസ്ഥ ഒരു സംവിധാനമെന്ന നിലയില്‍ സമൂഹത്തിന്റെ നെടുതൂണായി തീരാനും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രോസാഹിപ്പിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും 1897 മുതല്‍ വിയന്നയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്ഡബ്ല്യുവി.