എഡിഎം നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്ത് പൊലീസ്

കണ്ണൂര്‍: അഴിമതി ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്ത് പൊലീസ്. കണ്ണൂര്‍ കളക്ടറേറ്റിലെത്തിയാണ് ടൗണ്‍ പൊലീസ് ജീവനക്കാരില്‍ നിന്ന് മൊഴിയെടുത്തത്.

നവീന്‍ ബാബുവിന്റെ മൃതദേഹം ജന്‍മനാടായ പത്തനംതിട്ടയിലെത്തിച്ചു. പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെയാണ് സംസ്‌കാരം നടത്തുക. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള ആളായിരുന്നെന്ന് പറഞ്ഞ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി.

വിരമിക്കാന്‍ ഇനി ബാക്കി ഏഴ് മാസം മാത്രമാണുള്ളത്. കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ച് ജന്‍മനാട്ടില്‍ ജോലി ചെയ്യാമെന്ന് കരുതിയുള്ള വരവാണ് കണ്ണീര്‍ ഓര്‍മ്മയായത്. നവീന്‍ ബാബുവിന്റെ ചേതനയറ്റ ശരീരവുമായി കണ്ണൂരില്‍ നിന്ന് അതിരാവിലെ പുറപ്പെട്ട ആംബുലന്‍സ് പത്തനംതിട്ടയിലെത്തിയപ്പോള്‍ വിങ്ങിപ്പൊട്ടി ബന്ധുക്കളും സഹപ്രവര്‍ത്തകരും. തൊട്ടുപിന്നാലെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അടക്കമുള്ളവര്‍ ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതിപക്ഷ നേതാവും കെപസിസി പ്രസിഡന്റും അടക്കം നേതാക്കളുടെ ഒരു വലിയൊരു നിര തന്നെ വീട്ടിലെത്തിയിരുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ അനുകൂലിക്കുന്ന ന്യായവാദങ്ങളെല്ലാം തള്ളുന്നതായിരുന്നു പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. സംഭവത്തില്‍ കളക്ടറേറ്റിലടക്കം പ്രതിഷേധ യോഗങ്ങള്‍ നടന്നു. നാളെ വീട്ടില്‍ പൊതുദര്‍ശനം നടത്തും. അതിന് ശേഷം പത്തനംതിട്ടയില്‍ തന്നെ സംസ്‌കാരം നടത്തും.