നവീന്‍ ബാബു കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല, ദിവ്യയുടെ വാദം തെറ്റ്- ഗംഗാധരന്‍

കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു തന്നോട് കൈക്കൂലി ചോദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി റിട്ട. അധ്യാപകന്‍ ഗംഗാധരന്‍. ഗംഗാധരനില്‍ നിന്ന് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ആരോപണം. ഇതു സംബന്ധിച്ച് ഗംഗാധരന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ദിവ്യയുടെ ജാമ്യാപേക്ഷയില്‍ പരാമര്‍ശമുണ്ട്.

സ്ഥലത്തെ മണ്ണ് നീക്കുന്നതിന് എതിരായ സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ടാണ് എഡിഎമ്മിനെ കണ്ടതെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ തനിക്ക് അതൃപ്തി തോന്നിയെന്നും അത് അറിയിച്ചിരുന്നെന്നും ഗംഗാധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എഡിഎം അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് താന്‍ പറഞ്ഞതായും ഗംഗാധരന്‍ സമ്മതിച്ചു. എന്നാല്‍ കൈക്കൂലി ചോദിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഗംഗാധരന്‍ പ്രതികരിച്ചു.

‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറു പേജുണ്ട്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തില്‍ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്‌നമേയുണ്ടായിരുന്നുള്ളൂ’- ഗംഗാധരന്‍ പറഞ്ഞു.

കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ഒക്ടോബര്‍ പതിനഞ്ചിന് രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. തലേ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ദിവ്യയുടെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.