‘പിപി ദിവ്യ ഹാജരാകില്ല’, കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വാദം.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പറയാനില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഞാന്‍ ജില്ലാ കളക്ടറായി തുടരണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിച്ചാല്‍ അന്വേഷണത്തെ ബാധിക്കും. നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിലുണ്ടായിരുന്നത് തന്റെ മനോവിഷമമാണ്. അതിപ്പോഴുമുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.