തനിക്കും കുടുംബത്തിനുമെതിരെ വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി: ദിവ്യ

കണ്ണൂര്‍: വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുമായ പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും വാട്സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ പാര്‍ട്ടി നടപടിക്കെതിരെ വിമര്‍ശനം നടത്തിയെന്ന് വാര്‍ത്തകള്‍ നിഷേധിച്ചും ദിവ്യ രംഗത്തെത്തിയിരുന്നു. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നാണ് അവര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. പാര്‍ട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തന്റേതെന്ന പേരില്‍ പാര്‍ട്ടിക്കെതിരെ പുറത്തു വരുന്ന അഭിപ്രായങ്ങളില്‍ പങ്കില്ലെന്നും പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ലെന്നും അവര്‍ പറഞ്ഞു.

ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയി പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചുവരുന്ന രീതി. അത് തുടരും. തന്റെ സഖാക്കളും സുഹൃത്തുക്കും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്നും ദിവ്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ അറിയിച്ചിരുന്നു എന്ന നിലയിലുള്ള വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്. നേരത്തെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യക്ക് 11 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.