മുനമ്പം വിഷയത്തില്‍ സമസ്തയില്‍ ചേരിതിരിഞ്ഞ് തര്‍ക്കം; ഭൂമി വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിനെതിരെ മറുപക്ഷം

കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ രണ്ടു ചേരിയായി തിരിഞ്ഞു തര്‍ക്കം. ഭൂമി വിട്ടുകൊടുക്കാന്‍ ആവില്ലെന്ന ലീഗ് വിരുദ്ധ ചേരിയുടെ നിലപാടിനെതിരെ മറുപക്ഷം രംഗത്ത് വന്നു. അതേസമയം, സംഘടനകള്‍ വര്‍ഗീയ പ്രചാരണം നടത്തരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമസ്ത ജോയിന്റ് സെക്രട്ടറി ഉമ്മര്‍ ഫൈസി ഒരു സമ്മേളനത്തിലും യുവജനവിഭാഗം നേതാവ് മുസ്തഫ മുണ്ടുപാറ പാര്‍ട്ടി പത്രത്തില്‍ എഴുതിയ ലേഖനത്തിലും ആണ് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്നും വിട്ടുകൊടുക്കാനാവില്ലെന്നും വ്യക്തമാക്കിയത്. ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് തന്നെ വിട്ടുകൊടുക്കണമെന്ന മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിന്റെ തീരുമാനത്തെ ഇരുവരും തള്ളിപ്പറയുകയും ചെയ്തു.

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും 1950ലാണ് അത് വഖഫായതെന്നുമാണ് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കിയത്. വഖഫ് സ്വത്ത് വില്‍ക്കാന്‍ പാടില്ല. അതറിയാതെ സ്ഥലം വാങ്ങിയവര്‍ക്ക് വിറ്റവരില്‍ നിന്ന് വില തിരികെ വാങ്ങികൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. ഇതിനെ തള്ളിയാണ് അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയത്. ഇതിനെതിരെ ഇ.കെ സുന്നി വിഭാഗത്തിലെ മുസ്ലിം ലീഗ് പക്ഷം രംഗത്തുവന്നു. ഉമര്‍ ഫൈസി മുഖത്തിന്റെ നിലപാട് തള്ളിയ അബ്ദു സമദ് പൂക്കോട്ടൂര്‍ സ്ഥലം വിലകൊടുത്തു വാങ്ങിയവരുടെ കണ്ണീര് അവഗണിക്കരുതെന്നും പറഞ്ഞു.

മുനമ്പം വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് സമസ്ത നേതൃത്വമാണെന്നും ആരെങ്കിലും പൊതുയോഗത്തിലോ മറ്റോ അഭിപ്രായം പറയുന്നത് സമസ്തയുടെ നിലപാടായി കാണാനാകില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ സമസ്ത സംസ്ഥാന പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആണ് നിലപാട് പറയേണ്ടത്.മുനമ്പം ഭൂമി വഖഫ് തന്നെയാണെന്നും എന്നാല്‍, വില കൊടുത്ത് അവിടെ ഭൂമി വാങ്ങിയവരെ തെരുവിലിറക്കാന്‍ പാടില്ലെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
പണം കൊടുത്ത് ഭൂമി വാങ്ങിയവരും കുടികിടപ്പവകാശമുള്ളവരും അവിടെ തന്നെ തുടരണം. ഇക്കാര്യത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയാണ്. മുനമ്പം വിഷയം രാഷ്ട്രീയമോ വര്‍ഗീയമോ ആക്കരുത്. സുപ്രഭാതത്തിലെ ലേഖനം സമസ്തയുടെ അഭിപ്രായമല്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.ഇതിനിടെ,വിഷയം കൂടുതല്‍ വര്‍ഗീയവല്‍ക്കരിക്കരുതെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മുനമ്പം ഭൂമിയെ ചൊല്ലിയുള്ള വിവാദം വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയിരിക്കെയാണ് പൊതുവേ മിതവാദികളായി അറിയപ്പെടുന്ന ഇ കെ സുന്നി വിഭാഗത്തിന്റെ നേതാക്കള്‍ തര്‍ക്കം മൂര്‍ച്ഛിപ്പിക്കുന്ന നിലപാടുമായി എത്തിയത് . ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് നടത്തുന്ന സമവായ നീക്കങ്ങളെ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ലീഗുമായി ഇടഞ്ഞ ഇ കെ സുന്നികളുടെ നീക്കം. ഇടതു സര്‍ക്കാര്‍ വിഷയത്തില്‍ പരിഹാരമില്ലാതെ ആശയക്കുഴപ്പത്തില്‍ ആയിരിക്കുന്നതിനിടെയാണ് സര്‍ക്കാരുമായി നല്ല ബന്ധമുള്ള ഇ കെ സുന്നി വിഭാഗത്തില്‍ ഒരു വിഭാഗം ഭൂമി വിട്ടുകൊടുക്കാന്‍ ആകില്ല എന്ന് നിലപാട് വ്യക്തമാക്കിയത്. നിലപാട് മാറ്റത്തിന് പിന്നില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ഉണ്ടോ എന്നും മറുവിഭാഗം സംശയിക്കുന്നു.