സ്ഥൂലം സൂക്ഷ്മം കാരണം: വിയന്നയില്‍ ശ്രദ്ധനേടി മലയാളി വൈദീകന്റെ ചിത്രപ്രദര്‍ശനം
വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രപ്രദര്‍ശനം വിയന്നയില്‍ ആരംഭിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ. ഐ. സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനമാന് വിയന്നയില്‍ പുരോഗമിക്കുന്നത്. ഈ മാസം 18-ാം തിയതി വരെ നീളുന്ന പ്രദര്‍ശനത്തിന്റെ ഉത്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ. ഫ്രാന്‍സ് ഷാര്‍ല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ഡോ. ഗ്രേഗോര്‍ ജാന്‍സണ്‍, ചിത്രകാരന്‍ ജോണ്‍സന്‍ പള്ളിക്കുന്നേല്‍, റമ്പാന്‍ ജോഷി വെട്ടികാട്ടില്‍, സി. ഡോറിസ് എസ്. ആര്‍. എ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മനാടിനെയും പ്രവാസത്തെയും കോര്‍ത്തിണക്കുന്ന വൈവിദ്ധ്യമാര്‍ന്ന സാങ്കേതങ്ങളുടെ കൗതുകമുണര്‍ത്തുന്ന സമ്മിശ്രണം ഫാ. ഷൈജുവിന്റെ ചിത്രങ്ങളില്‍ ദര്‍ശിക്കാനാകുമെന്നു ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ല്‍ പറഞ്ഞു. ഉത്ഘാടന സമ്മേളനത്തില്‍ സി. നോയേല്‍ മംഗലത്ത് എസ്. ആര്‍. എ ഭാരതനാട്യം അവതരിപ്പിച്ചു.
വിയന്നയില്‍ ആദ്യമായിട്ടാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആക്രിലിക്, അക്വറല്‍ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. അതേസമയം പരമ്പരാഗതരീതിയില്‍ വരച്ച ബൈസന്റൈന്‍ ഐക്കണും പ്രദര്‍ശനത്തിലുണ്ട്. പ്രപഞ്ച ദര്‍ശനത്തിന്റെ വിവിധ സാദ്ധ്യതകള്‍ മനുഷ്യ അസ്തിത്വത്തെ സ്വാധീനിക്കുന്നത് സൂക്ഷ്മം, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, മഹാസമുദ്രം, കാവാലയം, എന്നി ചിത്രങ്ങളെ ഏറെ വ്യത്യസ്തമാക്കുന്നു. 8-മത്തെ ജില്ലയിലുള്ള ഫാറെ ബ്രൈറ്റന്‍ഫെല്‍ഡിലുള്ള ഉല്‍ പ്ലാറ്റസ് 6-ലാണ് പ്രദര്‍ശനം.