സരിനൊപ്പം സൗമ്യയും വാര്‍ത്താസമ്മേളനത്തില്‍; തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിന്‍, ആധാരവുമായി സൗമ്യ
പാലക്കാട്: സൗമ്യ എവിടെ എന്ന് കുറെയായി ചിലര്‍ ചോദിക്കുന്നുവെന്ന് പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. പി സരിന്‍. ഭാര്യ ഡോ സൗമ്യയുമായി വാര്‍ത്താസമ്മേളനത്തിനെത്തിയ സരിന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും ക്ഷണിച്ചു. വീട്ടിലേക്ക് വന്നാല്‍ പ്രതിപക്ഷ നേതാവിന് കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് സരിന്‍ പറഞ്ഞു. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോടാണ് ഭാര്യയുമായെത്തി സരിന്റെ പ്രതികരണം.
വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങള്‍ പടച്ചുവിട്ടു. തന്റെ വീട്ടില്‍ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണ്. അവരെ ഇവിടെ നിന്ന് മാറ്റാനുള്ള പ്രയാസം കൊണ്ടാണ് മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയത്. 2017 ല്‍ ഈ വീട് വാങ്ങി. 2020 ല്‍ വാടകയ്ക്ക് നല്‍കി. ഈ വീട്ട് വിലാസം നല്‍കിയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ഞാന്‍ പാലക്കാട്ടുകാരനാണെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സങ്കടമാണ്. പാലക്കാടും ഒറ്റപ്പാലത്തുമായി താമസിച്ചു. അടുത്തിടെയാണ് സ്ഥിര താമസ വിലാസത്തിലേക്ക് വോട്ട് മാറ്റിയതെന്നും സരിന്‍ പറഞ്ഞു.
ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യ പ്രതികരിച്ചു. തന്റെ വഴി രാഷ്ട്രീയമല്ല. ഞാന്‍ രാഷ്ട്രീയം പറയാറില്ല. തുടക്കം മുതല്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു. വ്യാജ വോട്ടറെന്ന നിലയില്‍ പ്രചരണം ഉണ്ടായി. വസ്തുതകള്‍ പരിശോധിക്കാതെ വീട്ടിലിരിക്കുന്നവരെ മോശം പറയുന്നത് ശരിയല്ല. ഞാന്‍ 916 വോട്ടര്‍. ഈ വീട് എന്റെ പേരില്‍ താന്‍ വാങ്ങിയത്. ഉപ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഊഹിച്ച് വാങ്ങിയതല്ല. സ്വന്തം ജില്ലയില്‍ വീട് വേണമെന്ന് കരുതി ലോണ്‍ എടുത്ത് വാങ്ങിയതാണെന്നും സൗമ്യ സരിന്‍ പറഞ്ഞു.
വീടിന്റെ ആധാരം എടുത്ത് കാണിച്ച സൗമ്യ മുഴുവന്‍ രേഖകളും ഉണ്ടെന്നും കരം അടച്ചതിന്റെ രേഖകളും ഉണ്ടെന്നും പറഞ്ഞു. വീട് തന്റെ പേരില്‍ ഉള്ളതാണ്. തന്നെ സ്ഥാനാര്‍ഥിയുടെ ഭാര്യയായി കാണേണ്ടതില്ല. സൗമ്യ സരിന്‍ എന്ന വ്യക്തിയായി മാത്രം കണ്ടാല്‍ മതി. രാഷ്ട്രീയത്തില്‍ മിനിമം നിലവാരം വേണം. ഭര്‍ത്താക്കന്മാരുടെ വാലായി ഭാര്യയെ കാണുന്നത് പിന്തിരിപ്പന്‍ നിലപാട് ആണ്. ആറ് മാസമായി താന്‍ ഇവിടെ താമസിക്കുന്നില്ല എന്നതിന് എന്താണ് പ്രതിപക്ഷ നേതാവിന് തെളിവ് ഉള്ളത്. ഈ വീടിന്റെ മുകളിലെ നിലയില്‍ തങ്ങള്‍ താമസിക്കാറുണ്ട്. ഒറ്റപ്പാലത്തും പാലക്കാടും എപ്പോ പോകണമെന്ന് ആര് തീരുമാനിക്കണം. എവിടെ വോട്ട് ചെയ്യണം എന്ന് ഞാന്‍ അല്ലേ തീരുമാനിക്കേണ്ടത്. പാലക്കാട് ഞാന്‍ വോട്ട് ചെയ്യരുതെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്നും സൗമ്യ ചോദിച്ചു.