ബലാത്സംഗക്കേസ്: സിദ്ദിഖിന് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം

ന്യൂ ഡല്‍ഹി: ബലാത്സംഗ കേസില്‍ ചലച്ചിത്ര താരം സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പീഡന പരാതി ഫേസ്ബുക്കിലൂടെ ഉന്നയിക്കാന്‍ കാണിച്ച ധൈര്യം കേസ് നല്‍കാന്‍ പരാതിക്കാരിക്ക് ഉണ്ടായില്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. പീഡന പരാതി നല്‍കാന്‍ പരാതിക്കാരി ഹേമ കമ്മിറ്റിയെ സമീപിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിദ്ദിഖിനെ കുറ്റ വിമുക്തന്‍ ആക്കിയിട്ടില്ലെന്നും, മുന്‍ കൂര്‍ ജാമ്യം അനുവദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

ബലാത്സംഗ കേസില്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിചാരണ കോടതി സിദ്ദിഖിന് ജാമ്യം അനുവദിക്കണം. ജാമ്യ വ്യവസ്ഥ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിദ്ദിഖ് പാസ്‌പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതെ സമയം ജാമ്യ വ്യവസ്ഥ സുപ്രീം കോടതി നിര്‍ദേശിക്കണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി.

മലയാള സിനിമ മേഖലയും ആയി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് സിദ്ദിഖിന് എതിരായ ആരോപണം എന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. A.M.M.A യുടെ ഭാരവാഹിയാണ് സിദ്ദിഖ്. W.C.C യുടെ സജീവ അംഗമാണ് പരാതിക്കാരി. സംഘടനകള്‍ തമ്മില്‍ ഉള്ള തര്‍ക്കത്തിന് ശേഷമാണ് പരാതിക്കാരി ബലാത്സംഗ ആരോപണം ഉന്നയിക്കുന്നത് എന്ന് റോത്തഗി ചൂണ്ടിക്കാട്ടി. 2018 ല്‍ ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം നടന്നുവെന്ന് ആരോപിച്ചിട്ടില്ലായിരുന്നു. പരാതിക്കാരി മറ്റ് പതിനഞ്ചോളം പേര്‍ക്ക് എതിരെയും പീഡന ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും മുകുള്‍ റോത്തഗി വാദിച്ചു. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ സിദ്ദിഖിന് വേണ്ടി ഹാജരായത്.

സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആണ് പ്രധാനമായും ആശ്രയിച്ചത്. പീഡന ആരോപണം ഉന്നയിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ലെന്നത് അടക്കമുള്ള കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്ത് കൊണ്ട് പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി പരാതി നല്‍കിയില്ലെന്ന് മുകുള്‍ റോത്തഗി ആരാഞ്ഞു. പരാതി പറയാന്‍ ഉചിതമായ വേദി ഹേമ കമ്മിറ്റി അല്ലെന്നും, പോലീസ് ആണ് ഉചിതമായ വേദി എന്നതിനാല്‍ ആണ് കേസ് നല്‍കിയത് എന്നും പരാതിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരി കേസില്‍ നിന്ന് പിന്മാറാന്‍ സാധ്യത ഉണ്ടെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ അജി ചന്ദ്രന്‍ നായര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് രഞ്ജിത് കുമാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മറ്റ് പലരും പരാതികളില്‍ നിന്ന് പിന്മാറാന്‍ സാധ്യത ഉണ്ടെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതില്‍ നിന്ന് കോടതിയെ പിന്തിരിപ്പിക്കാന്‍ ഈ വാദത്തിന് ഒന്നും സാധിച്ചില്ല. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് ഹാജരായത്.