സ്ഥൂലം സൂക്ഷ്മം കാരണം: വിയന്നയില്‍ ശ്രദ്ധനേടി മലയാളി വൈദീകന്റെ ചിത്രപ്രദര്‍ശനം സമാപിച്ചു

വിയന്ന: ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്‍കിയിരിക്കുന്ന ഫാ. ഷൈജു മാത്യുവിന്റെ എകാംഗ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ. ഐ. സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന്റെ ഉത്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ. ഫ്രാന്‍സ് ഷാര്‍ല്‍ നിര്‍വഹിച്ചത്.

ചടങ്ങില്‍ ഡോ. ഗ്രേഗോര്‍ ജാന്‍സണ്‍, ചിത്രകാരന്‍ ജോണ്‍സന്‍ പള്ളിക്കുന്നേല്‍, റമ്പാന്‍ ജോഷി വെട്ടികാട്ടില്‍, സി. ഡോറിസ് എസ്. ആര്‍. എ തുടങ്ങിയവര്‍ പങ്കെടുത്തു. ജന്മനാടിനെയും പ്രവാസത്തെയും കോര്‍ത്തിണക്കുന്ന വൈവിദ്ധ്യമാര്‍ന്ന സാങ്കേതങ്ങളുടെ കൗതുകമുണര്‍ത്തുന്ന സമ്മിശ്രണം ഫാ. ഷൈജുവിന്റെ ചിത്രങ്ങളില്‍ ദര്‍ശിക്കാനാകുമെന്നു ബിഷപ്പ് ഫ്രാന്‍സ് ഷാര്‍ല്‍ പറഞ്ഞു. ഉത്ഘാടന സമ്മേളനത്തില്‍ സി. നോയേല്‍ മംഗലത്ത് എസ്.ആര്‍.എ ഭാരതനാട്യം അവതരിപ്പിച്ചു.

വിയന്നയില്‍ ആദ്യമായിട്ടാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആക്രിലിക്, അക്വറല്‍ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. അതേസമയം പരമ്പരാഗതരീതിയില്‍ വരച്ച ബൈസന്റൈന്‍ ഐക്കണും പ്രദര്‍ശനത്തിലുണ്ടായിരുന്നു. ലബനനിലെ കവിയായ ഖലിൽ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച “മഹാ സമുദ്രം-എവിടെ ഞാൻ ഒളിക്കും”, ഉംസുഗ്, നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്ലൂയിട്, സ്സാർട്ട്, എന്നീ ചിത്രങ്ങൾ സവിശേഷ ശ്രദ്ധപിടിച്ചുപറ്റി. വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങൾ അടങ്ങിയ ജലചായ ചിത്രങ്ങൾ പ്രദർശനത്തെ വൈവിധ്യമാക്കി. സന്ദർശകർക്കും പ്രോത്സാഹനം നൽകിയവർക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.