ആന്റണി പുത്തന്‍പുരയ്ക്കലിന്റെ മൂന്നാമത് പുസ്തകം പ്രകാശനത്തിന്

വിയന്ന: ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം എന്ന പുസ്തകം പ്രകാശനത്തിന് തയ്യാറായി. ആലപ്പുഴയിലുള്ള സ്‌കൂള്‍ ഓഫ് ലൈഫ് സ്‌കിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് സുപ്രസിദ്ധ സെന്‍ ഗുരു അമാ സ്വാമിയാണ്. ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഋതുമന്ത്രണങ്ങള്‍ എന്ന പുസ്തകവും ആന്റണി പുത്തന്‍പുരയ്ക്കലിന്റേതായി പുറത്തു വന്നിട്ടുണ്ട്.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ദിവസേനയെന്നോണം പുതിയ കണ്ടുപിടുത്തങ്ങളും സാധ്യതകളും, ആധികാരികവും അല്ലാത്തതുമായ വിവരങ്ങളുടെ ആധിക്യം ഓരോരുത്തരെയും കൈയ്യടക്കുകായും, നിയന്ത്രണമില്ലാത്ത ചിന്തകള്‍ നമ്മുടെ ശാരീരികവും മാനസികവും വൈകാരികവുമായ സുസ്ഥിതിയെ ബാധിക്കുന്ന സാഹചര്യത്തില്‍ ആന്തരിക നിശ്ചലത, അല്ലെങ്കില്‍ ആന്തരിക മൗനത്തിനു വ്യക്തി ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് മനശാസ്ത്ര പഠനങ്ങളുടെയും പ്രബോധങ്ങളുടെയും വെളിച്ചത്തില്‍ അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം.

കാലാന്തരങ്ങളില്‍ മനുഷ്യര്‍ക്ക് നഷ്ടമായ ഉള്‍ബോധത്തെ എങ്ങനെ ഒരാള്‍ക്ക് വീണ്ടെടുക്കുവാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള എല്ലാ ഉത്തരങ്ങളും ഈ പുസ്തകത്തിലൂടെ ആന്റണി പുത്തന്‍പുരക്കല്‍ നല്‍കുന്നുണ്ട്. കൂടുതല്‍ സംതൃപ്തവും സന്തുലിതവുമായ ഒരു ജീവിതത്തെ തിരിച്ചുപിടിക്കാനുള്ള ആശയങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ രത്‌നചുരുക്കം.