പാലക്കാട് ബിജെപിയുടെ പരാജയത്തിന് ഉത്തരവാദി കെ.സുരേന്ദ്രന്‍’; സന്ദീപ് വാര്യര്‍

പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയെന്ന് സന്ദീപ് വാര്യര്‍. അടുത്ത മുനിസിപ്പല്‍ തെരെത്തെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപിയുടെ പരാജയത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനാണ്. കെ സുരേന്ദ്രന്‍ രാജിവെയ്ക്കാതെ കേരളത്തില്‍ ബിജെപി രക്ഷപെടില്ല. പക്ഷെ അയാള്‍ രാജിവെക്കേണ്ട, ബിജെപി ഇങ്ങനെത്തന്നെ പോട്ടെ. സന്ദീപ് ചീള് കേസാണെന്ന് പറഞ്ഞ ടീമാണ്. കെ സുരേന്ദ്രന്റെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളേയും അടിച്ചുപുറത്താക്കി ചാണക വെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ബിജെപി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു

ഇവിടെ പാല്‍ സൊസൈറ്റി ഇലക്ഷന്‍ നടത്തിയാലും സി കൃഷ്ണകുമാര്‍ എന്ന നിലയിലാണെന്നും അദ്ദേഹം പരിഹസിച്ചു. കൃഷ്ണകുമാറും ഭാര്യയുമാന് പാലക്കാട്ടെ ബിജെപിയെന്ന് എഴുതിക്കൊടുത്ത നേതൃത്വമാണ് ഈ പരാജയത്തിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉപതെരഞ്ഞെടുപ്പ് ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ലീഡ് നില മാറിമറിയുന്നു. പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തിയ ബിജെപിയെ മറി കടന്ന് യുഡിഎഫ് ആണ് നിലവില്‍ പാലക്കാട് ലീഡ് ചെയ്യുന്നത്. വാശിയേറിയ പോരാട്ടത്തിനാണ് പാലക്കാടന്‍ മണ്ണ് സാക്ഷിയാകുന്നത്. ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുന്നത്. 14 റൗണ്ട് ആണ് പാലക്കാട് എണ്ണാനുള്ളത്.